കൊച്ചി: ജെഎൻയുവിൽ ദശാബ്ദങ്ങളായി രാഷ്ട്ര ദ്രോഹപ്രവർത്തനങ്ങൾ നടന്നിരുന്നത് സിപിഎമ്മിന്റെ സംരക്ഷണത്തിലായിരുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാർ, ഞങ്ങൾ മാത്രമായിരുന്നില്ല ഒറ്റുകാർ എന്ന് വരുത്തി തീർക്കാനാണ് സവർക്കറെയും ശ്യാമപ്രസാദ് മുഖർജിയേയും ഒക്കെ ജെഎന്‍യു സംഭവത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന് മുരളീധരന് പറഞ്ഞു.
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെ പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിനെതിരെ സിപിഎം നേതാവ് തോമസ് ഐസക്ക് രംഗത്ത് വന്നിരുന്നു. ഇതിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു മുരളീധരന്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇക്കഴിഞ്ഞ ദിവസം ജെഎൻയുവിൽ ഉയർന്ന അത്യന്തം ഹീനമായ രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങൾ കേട്ടപ്പോൾ ഒരു ഞെട്ടലും തോന്നാതിരുന്ന തോമസ് ഐസക്, പട്യാല കോടതി വളപ്പിൽ ചില അഭിഭാഷകർ നടത്തിയ വൈകാരിക പ്രകടനത്തെപ്പറ്റി കേട്ടപ്പോൾ ഞെട്ടിയത്രെ. കഷ്ടം. വിവാദ കേസുകളിൽ കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്ക് നേരെ പൊതു സമൂഹം ഇതിന് മുമ്പും രോഷപ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തിലടക്കം. വന്ദേ മാതരവും ഭാരത മാതാവിന് ജയ് മുദ്രാവാക്യവും വിളിച്ചെത്തിയ അഭിഭാഷകരാണ് അവിടെ പ്രതിഷേധിച്ചത്. അവർ ബിജെപി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ വന്നവരല്ല. ദൽഹി പോലീസ് സംഭവത്തിൽ നടപടി എടുക്കും എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുന്നതിനെ ബിജെപി അംഗീകരിക്കുന്നില്ല. തോമസ് ഐസക് ഭാരതത്തിലെ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലേ? കയ്യൂക്ക് കൊണ്ടല്ല , ആശയ പ്രചരണം നടത്തി ജനങ്ങളുടെ അംഗീകാരം നേടിയാണ് ബിജെപി രാജ്യം ഭരിക്കുന്നത്. അതല്ലാതെ ഞങ്ങൾ പാർലമെൻറിന്റെ ഓട് പൊളിച്ച് ഇറങ്ങിയവരല്ല – വി.മുരളീധരന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്കി.
ബിജെപിയെ അംഗീകരിച്ച ജനം തോമസ് ഐസക്കിന്റെ പാർട്ടി മുന്നോട്ട് വച്ച ആശയത്തെ നിഷ്കരുണം തളളിയതാണ്. കേരളത്തിലെ ബിജെപിക്കാരുടെ മാന്യതക്ക് തോമസ് ഐസക്കിന്റെ സർട്ടിഫിക്കറ്റ് ആവശ്യവുമില്ല. രാജ്യദ്രോഹികൾക്ക് വേണ്ടി കുഴലൂത്ത് തുടർന്നാൽ സിപിഎമ്മിന് രാജ്യത്ത് അവരുള്ളിടത്തെല്ലാം ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരും എന്നത് സ്വാഭാവികമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാർ, ഞങ്ങൾ മാത്രമായിരുന്നില്ല ഒറ്റുകാർ എന്ന് വരുത്തി തീർക്കാനാണ് സവർക്കറെയും ശ്യാമപ്രസാദ് മുഖർജിയേയും ഒക്കെ വലിച്ചിഴക്കുന്നത്.
സവർക്കർ ധീരനായ വിപ്ലവകാരി ആയിരുന്നു. ലോക ചരിത്രത്തിൽ ആദ്യമായി ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് സെല്ലുലാർ ജയിലിൽ കൊടിയ പീഡനങ്ങൾ നേരിട്ട സവർക്കർ ഒരിക്കലും ജീവിതം മുഴുവൻ ജയിലിൽ തീർക്കാൻ ഉദ്ദേശിച്ചില്ല, മറിച്ച് ഏതുവിധേനയും പുറത്തിറങ്ങി വിപ്ലവ പ്രവർത്തനം തുടരാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സവർക്കർ എന്താണെന്ന് വ്യക്തമായി അറിയുന്ന ബ്രിട്ടീഷുകാർ ഭാരതം വിടുന്നത് വരെ അദ്ദേഹത്തിന് ശാശ്വത മോചനം നൽകിയതേ ഇല്ല. രത്നഗിരിയിലും അദ്ദേഹം ജയിലിലും വീട്ടു തടങ്കലിലും ആയിരുന്നു. ലണ്ടനിലെ ശാംജി കൃഷ്ണവർമ്മയുടെ ഇന്ത്യാ ഹൗസിൽ വീര സവർക്കറുടെ അതിഥിയായിട്ടുണ്ട് ലെനിൻ എന്ന് തോമസ് ഐസക്കിനറിയാമോയെന്ന് മുരളീധരന് ചോദിച്ചു.
സവർക്കറുടെ ഹിന്ദുമഹാസഭയുമായി ആർഎസ്എസ്സിന് ബന്ധമൊന്നുമില്ല . എന്നാൽ തോമസ് ഐസക് വിമർശന വിധേയമാക്കുന്ന കാലഘട്ടത്തിൽ ഹിന്ദുമഹാസഭയുടെ തലപ്പത്ത് സഖാവ് സോമനാഥ് ചാറ്റർജിയുടെ പിതാവ് നിർമൽ ചന്ദ്ര ചാറ്റർജിയാണ് ഉണ്ടായിരുന്നത്. ഹിന്ദുമഹാസഭയുടെ സ്ഥാപകാംഗവും ദേശീയ അദ്ധ്യക്ഷനുമായിരുന്നു നിർമൽ ചന്ദ്ര ചാറ്റർജി. അതേ നിർമ്മൽ ചന്ദ്ര ചാറ്റർജിയെ ബുർധ്വാനിൽ നിന്ന് 1963 ലും 67 ലും ലോക്സഭയിൽ എത്തിച്ചത് തോമസ് ഐസക്കിന്റെ പാർട്ടിയായിരുന്നു. അന്ന് ജ്യോതിബാസുവും കൂട്ടരും ഹിന്ദുമഹാസഭ നേതാവിന് വേണ്ടി പോസ്റ്റർ ഒട്ടിച്ചതിന്റെ സർട്ടിഫിക്കറ്റ് തോമസ് ഐസക്കിന് കൂടി അവകാശപ്പെട്ടതാണ്.
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുക്കാനും സമര ഭടൻമാരെ പിടികൂടി ബ്രിട്ടീഷ് പോലീസിനെ ഏൽപിക്കാനും സഖാക്കൾ നടത്തുന്ന ” പ്രയത്നങ്ങൾ ” വിശദീകരിച്ച് ബ്രിട്ടീഷ് സർക്കാരിന് അന്നത്തെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പി.സി.ജോഷി അയച്ച റിപ്പോർട്ട് ചരിത്ര രേഖയാണ്. ആ ഒറ്റലിന് പ്രത്യുപകാരമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ബ്രിട്ടീഷ് സാമ്രാജ്യം നൽകിയ പണം കൊണ്ടാണ് നേരറിയാൻ നേരത്തെ അറിയാൻ പത്രം തുടങ്ങിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യം അംഗീകരിക്കാതെ കരിദിനം ആചരിച്ചവരും കമ്മ്യൂണിസ്റ്റുകാർ തന്നെ. തോമസ് ഐസക്, അമേരിക്കയിലുള്ള മകളോട് ഒന്ന് ചോദിക്കണം, അവിടുത്തെ ഏതെങ്കിലും സർവ്വകലാശാലയിൽ ഒസാമ ബിൻ ലാദനെ പിന്തുണച്ച് പ്രകടനം നടത്താൻ അനുവദിക്കുമോ എന്ന്. എന്നിട്ട് മതി ഭാരതത്തിലിരുന്ന് ഞെട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: