കൊച്ചി: എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഭൂമിയ്ക്ക് വേണ്ടി മണ്ണിന്റെ മക്കള്‍ നടത്തിയ സമരം ഒത്തു തീര്‍പ്പായത്. 2001 ഒക്ടോബര്‍ പതിനാറാം തീയതി അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനമടക്കം ആദിവാസികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് ആന്റണിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ 15 വര്‍ഷം പിന്നിട്ടിട്ടുള്ള തീരുമാനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.
കേരളത്തില്‍ മുഖ്യമന്തിയായ ശേഷം കേന്ദ്രമന്ത്രിയായും ആന്റണി ഭരണം നടത്തിയിട്ടും ഏര്‍പ്പെട്ട കരാറുകള്‍ പലതും അദ്ദേഹം മറന്നു. ആന്റണിയ്ക്കുശേഷം വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും മാറി മാറി ഭരണം നടത്തിയെങ്കിലും ആദിവാസി പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ആദിവാസി പ്രശ്നത്തില്‍ സര്‍ക്കാര്‍ പല കരാറുകളില്‍ ഒപ്പ് വച്ചെങ്കിലും ഈ പ്രശ്നം പരിഹരിയ്ക്കാന്‍ സാധിയ്ക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തേടി പാര്ട്ടിക്കാര് സമീപിയ്ക്കുന്ന സാഹചര്യത്തിലാണ് വര്‍ഷങ്ങളായുള്ള ആവശ്യങ്ങളുമായി ആദിവാസികള്‍ സമരരംഗത്ത് സജീവമാകുന്നത്. കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭയുടെ കീഴില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അനിശ്ചിത കാല നിലനില്‍പ്പ് സമരം മുന്നേറുകയാണ്. വൈക്കം ,മുളങ്കര, ആലത്തൂര്‍, മുതലമട, കട്ടപ്പന തുടങ്ങിയ പ്രദേശങ്ങളിലാണ് സമരം സജീവമായിട്ടുള്ളത്. വൈക്കം താലൂക്കിലെ ഉള്ളാടന്‍, മലവേടന്, കാട്ടുനായ്ക്കര്‍ തുടങ്ങിയ പട്ടിക വര്‍ഗ്ഗത്തിലെ ജനങ്ങളാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ വൈക്കം താലൂക്കിന് മുമ്പില്‍ നടത്തുന്ന അനിശ്ചിത കാല നിലനില്‍പ്പ് സമരം ആരംഭിച്ചിട്ട് 39 ദിവസം പിന്നിടുന്നു.
വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള 16 കുടുംബങ്ങളാണ് സമരം നയിക്കുന്നത്. 2001 ല്‍ ആന്റണി സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കണമെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. കരാര്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്കി പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കൃഷിയോഗ്യമല്ലാത്ത പാറ പ്രദേശങ്ങളാണ് ആദിവാസികള്‍ക്കായി നല്‍കിയത്. കിട്ടിയ സ്ഥലം ഉപേക്ഷിച്ച് പോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അവിടെ താമസിക്കാന്‍ ആദിവാസികള്‍ നിര്‍ബന്ധിതരായി തീര്‍ന്നു. 15 വര്‍ഷമായി നടപ്പിലാക്കാത്ത കരാര്‍ ഇനിയും നടപ്പിലാക്കുമെന്ന പ്രതീക്ഷയില്‍ സമരവുമായി മുമ്പോട്ട് പോവുകയാണ് ആദിവാസി ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: