തിരുവനന്തപുരം: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാക്കുന്നതില്‍ ഒരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഖ്യെമാക്കെ അതതു സ്ഥലത്തെ സാഹചര്യമനുസരിച്ച് അവിടുത്തെ പാര്‍ട്ടിയും കേന്ദ്ര നേതൃത്വവും തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ സഖ്യമോര്ത്ത് കേരളത്തില്‍ വേവലാതിപ്പെടേണ്ട ഒരു സാഹചര്യവുമില്ല. ഇവിടെ യുഡിഎഫ് ശക്തമാണ്.രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷത്തോടെ തുടങ്ങിയ ഭരണം ഇപ്പോഴും തുടരുന്നു. അത് ഒരു വ്യക്തിയുടെ മേന്മയല്ല.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ശക്തി തെളിയിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. ഗ്രാമപഞ്ചായത്തുകളില്‍ റിബല്‍ പ്രശ്നം കാരണമാണ് നേരിയ നഷ്ടം സംഭവിച്ചത്.
വെള്ളാപ്പള്ളി നടേശന് ഇപ്പോള്‍ പറയുന്നതിനോട് പ്രതികരിക്കുന്നില്ല. അദ്ദേഹം മറ്റൊരു നിലപാട് സ്വീകരിച്ചപ്പോഴും പ്രതികരിച്ചിട്ടില്ല. യുഡിഎഫ് സ്വന്തം കാര്യം നോക്കി മുന്നോട്ടു പോകും. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഒരു കുഴപ്പവുമില്ല. സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമൊക്കെ മുമ്പും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്ഥാനാര്‍ഥികളെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്.
10 വര്‍ഷം പഴക്കമുള്ള കേസിന്റെ പേരിലാണ് പ്രതിപക്ഷം മന്ത്രി അടൂര്‍ പ്രകാശിനെതിരേ ആരോപണം ഉന്നയിക്കുന്നത്. കേസില്‍ അന്വേഷണം നടക്കുകയാണ്.
അസഹിഷ്ണുത ഏതു ഭാഗത്തു നിന്ന് ഉണ്ടാകുന്നതും ശരിയല്ലെന്ന് ജെഎന്‍യു സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഏതു തരം അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതു പരിധി വിടുമ്പോള്‍ നിയന്ത്രിക്കാന്‍ നിയമങ്ങളും ശക്തമായ സംവിധാനങ്ങളുമുണ്ടെന്നും നിയമം ആരു കയ്യിലെടുത്താലും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: