കണ്ണൂര്‍: മനോജ് വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന പി.ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ ജില്ലാ സെഷന്‍സ് കോടതിയില്‍ പുനര്‍ഹര്‍ജി നല്കി. ഇന്നലെ ജയരാജന്റെ ആരോഗ്യ പ്രശ്നങ്ങള്‍ വ്യക്തമാക്കിയുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനാ രേഖകള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്ന് ജില്ലാ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കോടതിക്ക് നല്കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. എസ്.എം. അഷറഫ് നല്കിയതും ജില്ലാ ആശുപത്രിയില്‍ പരിശോധിച്ച രേഖകളുമാണ് കൈമാറിയത്. എന്നാല്‍ ഇന്നലെ സിബിഐ അന്വേഷണസംഘം പുതുതായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഡോക്ടര്‍ നടത്തിയ പരിശോധനയുടെ വിശദാംശവും സമര്‍പ്പിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടില്‍ ജയരാജന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: