കോഴിക്കോട്: കഥാകാരന് അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഒരാഴ്ചയോളമായി ന്യൂമോണിയബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ കാലത്ത് അഞ്ച് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 62 വയസായിരുന്നു.
രാവിലെ 10 മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കഥാകാരന്റെ ഭൗതികദേഹത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സാഹിത്യലോകത്തെ പ്രമുഖരടക്കം ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ കക്കട്ടില്‍ കണ്ടോത്തുകുനി ജുമാ മസ്ജിദില്‍ ഖബറടക്കി.
കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന അക്ബര്‍ കക്കട്ടില്‍ മലയാള കഥാസാഹിത്യ രംഗത്ത് പുതുവഴികള്‍ തെളിയിച്ച പ്രതിഭയായിരുന്നു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചശേഷം ദീര്‍ഘകാലം അവിടെ തുടര്‍ന്നു. പാഠപുസ്തക നിര്‍മ്മാണസമിതികളില്‍ ഏറെക്കാലം അംഗമായ അക്ബര്‍ കോളേജ് പഠനഘട്ടം മുതല്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു.
1992ല്‍ സാഹിത്യത്തിനുള്ള ഫെലോഷിപ്പ് ലഭിച്ച അക്ബര്‍ കക്കട്ടിലിനെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തി. 1992ല്‍ സ്കൂള്ഡയറിയ്ക്കും 2004 ല്‍ വടക്കുനിന്നൊരു കുടുംബവൃത്താന്തത്തിനുമായി രണ്ട് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സ്കൂള്‍ ഡയറിയെ ആധാരമാക്കി ദൂരദര്ശന് സംപ്രേഷണം ചെയ്ത സീരിയലിന് 2000ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ഗവേണിംഗ് ബോഡിയിലും എന്‍ ഐ ഒ എസ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം ‘ഹരിത വിദ്യാലയം’ എഡ്യൂക്കേഷണല്‍ റിയാലിറ്റി ഷോയുടെ സ്ഥിരം ജൂറി, കേന്ദ്ര സാഹിത്യ അക്കാദമിയുടെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും മലയാളം ഉപദേശക സമിതിയംഗം, കേരള ലളിതകലാ അക്കാദമി അംഗം, സാക്ഷരതാമിഷന്‍ മാസികയായ അക്ഷരകൈരളിയുടെ പത്രാധിപസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചു. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം കണ്‍വീനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. മരുക്കള്: ജംഷീദ്, ഷെബിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: