ന്യൂദല്‍ഹി: കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ മഹാത്മ അയ്യങ്കാളി ചെയറിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ വിവിധ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആവശ്യത്തില്‍ സര്‍വകലാശാലയുടെ ശുപാര്‍ശയോടെയാണ് കേന്ദ്ര മാവശേഷി വകുപ്പിന്റെ തീരുമാനം. ഹിന്ദുഐക്യവേദി, കെപിഎംഎസ്, എബിവിപി, വിചാരകേന്ദ്രം തുടങ്ങിയ സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ഈ സംഘടനകളുടെ നിവേദനങ്ങള്‍ക്കു പുറമേ സര്‍വകലാശാലാ കേരള വിസിയുടെ അഭിപ്രായവും ആരാഞ്ഞാണ് തീരുമാനം. മോദി സര്‍ക്കാരിനെ പിന്നാക്ക വിരുദ്ധരെന്നും ദളിത് പീഡകരെന്നും മറ്റുമുള്ള ആരോപണങ്ങളുടെ മുനയൊടിക്കുന്നതായി ഈ പ്രഖ്യാപനം.
മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ കേരള പഠന-ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന സംവിധാനമായി ചെയര്‍ സ്ഥാപിക്കാന്‍ യുജിസി ചെയര്മാന് പ്രൊഫ. വേദ് പ്രകാശിന് മാനവ ശേഷി വകുപ്പു മന്ത്രാലയം ഫെബ്രുവരി എട്ടിന് നിര്‍ദ്ദേശം നല്കി. മന്ത്രാലയം മഹാത്മാ അയ്യങ്കാളിയെ ശ്രേഷ്ഠ വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെയര്‍ അനുവദിച്ചത്. നടപടിയുടെ ഭാഗമായി അയ്യങ്കാളിയെ ശ്രേഷ്ഠ പട്ടികയില്‍ പെടുത്തണമെന്ന് സര്‍വകലാശാല കേരള വിസി ശുപാര്‍ശ ചെയ്തിരുന്നു.
കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ തലസ്ഥാനത്തെ കേന്ദ്രത്തില്‍, കേരളത്തിലെ മഹാനായ പിന്നാക്കവിഭാഗത്തിന്റെ നേതാവിന്റെ പേരില്‍, മഹാത്മാ അയ്യങ്കാളി സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് ആരംഭിക്കാന്‍ ശുപാര്‍ശചെയ്യുന്നു. നവീന കേരളത്തിന്റെ നിര്‍മ്മാണത്തിനു മുമ്പ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കു വേണ്ടി പോരാടിയ മഹാനായ സാമൂഹ്യ നേതാവയിരുന്നു അദ്ദേഹം. മഹാത്മാ അയ്യങ്കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നീ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ സംഭാവന കേരളത്തെ സാമൂഹ്യ പരിഷ്കരണ രംഗത്തും മാനവ വികാസത്തിലും വലിയ പങ്കുവഹിച്ചു, കേന്ദ്ര മന്ത്രാലയം യുജിസിക്ക് നല്കിയ നിര്‍ദ്ദേശത്തില്‍ വിശദീകരിക്കുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍വകലാശാലയില്‍ അയ്യന്‍കാളി ചെയര്‍ ആരംഭിച്ചുവെന്ന് പ്രഖ്യാപിച്ച് ആഘോഷ പരിപാടികളും നടത്തി. 2013-ല്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആയിരുന്നു ഈ പ്രഖ്യാപനങ്ങളുമായി മുന്നില്‍നിന്നത്. എന്നാല്‍, ഇങ്ങനെയൊരു തീരുമാനമില്ലെന്ന് യുജിസി പ്രസ്താവിച്ചതോടെ വ്യാജം പൊളിഞ്ഞു. യുപിഎ സര്‍ക്കാര്‍ പിന്നെ അതെക്കുറിച്ച് മിണ്ടിയതുമില്ല. 2013 ജൂണ്‍ 23ന് കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയില്‍ മഹാത്മാ അയ്യന്‍കാളി ചെയര്‍ തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഒന്നും കൈക്കൊണ്ടിരുന്നില്ല. കോണ്‍ഗ്രസുകാരും, എക്സിക്യൂട്ടീവ് കൗണ്‍സിലും ചേര്‍ന്ന് മഹാത്മാ അയ്യന്‍കാളി ചെയറിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിയ്ക്കുകയായിരുന്നു വാസ്തവത്തില്‍. അതേ സമയം വിവിധ ഹിന്ദു സംഘടനകള്‍ ആവശ്യം ഉന്നയിക്കുകയും സര്‍വകലാശാല ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിക്കുകയും ചെയ്തതോടെ അയ്യങ്കാളി ചെയര്‍ യാഥാര്‍ത്ഥ്യമാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: