കോഴിക്കോട്: സിപിഎം അക്രമം അവസാനിപ്പിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഇന്നലെ തലശ്ശേരിയില്‍ നടന്ന ബോംബാക്രമണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. തലശ്ശേരി ജഗന്നാഥ സേവാ കേന്ദ്രത്തിനും ബിജെപി പ്രവര്‍ത്തകന്റെ വീടിനും നേരെ സിപിഎം ബോംബാക്രമണം ഉണ്ടായി. ഒരു ജയരാജന് മാറി മറ്റൊരു ജയരാജന് നേതാവായാലും അക്രമത്തില്‍ പാര്‍ട്ടി സമീപനം മാറില്ലെന്നതിന്റെ തെളിവാണ് വ്യാപകമാവുന്ന അക്രമം. ഏകപക്ഷീയമായ അക്രമങ്ങള്‍ അവസാനിപ്പിക്കാതെ സമാധാനം പുലരില്ലെന്ന് സിപിഎം തിരിച്ചറിയണം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സംയമനത്തെ അവസരമാക്കി അക്രമം വ്യാപിപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് വിലപ്പോവില്ലെന്ന് നേതൃത്വം മനസ്സിലാക്കണം.
പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് സുജിത്തിന്റെ മൃഗീയ കൊലപാതകം സിപിഎമ്മിന്റെ ക്രൂരത വെളിവാക്കുന്നതാണ്. കൊലപാതകത്തിന് ശേഷവും സി പിഎം ബോംബാക്രമണങ്ങള്‍ തുടരുകയാണ്. ജില്ലാനേതാവ് യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായിട്ടും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവുന്നില്ല. ആര്‍എസ്എസ് സമാധാന ചര്‍ച്ചക്ക് ഒരുക്കമാണെന്ന സര്‍സംഘചാലകിന്റെ പ്രതികരണത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊലക്കത്തി താഴെവെക്കണമെന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. ഇപ്പോള്‍ കൊലക്കത്തി ആരുടെ കയ്യിലാണെന്ന് വെളിവായിരിക്കുകയാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ബിജെപി മുന്നേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ജയിലിലടക്കപ്പെടുമ്പോഴുണ്ടാകുന്ന വെപ്രാളത്തിലാണ് ഇന്ന് സിപിഎം.
കൊലപാതകം നടത്തിയ ശേഷം വ്യക്തിഹത്യ നടത്തുന്ന പതിവ് സിപിഎം സുജിത്ത് വധത്തിലും ആവര്‍ത്തിച്ചു. കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെയും ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകത്തിനു ശേഷം നടത്തിയ കുപ്രചാരണത്തിന്റെ രീതി സിപിഎം തുടരുകയാണ്. സിപിഎമ്മിന്റെ ആരോപണം തെളിയിക്കാന്‍ നേതാക്കളെ വെല്ലുവിളിക്കുകയാണ്. സിപിഎം അക്രമത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ കേരള സമൂഹം മുന്നോട്ടു വരണം. കണ്ണൂരില്‍ നേതാക്കളും അണികളും ആയുധം താഴെ വെക്കണം. ഏകപക്ഷീയമായ അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ സമാധാനം നിലനിര്‍ത്താനാവില്ലെന്ന് പാര്‍ട്ടി തിരിച്ചറിയണം-ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: