കോഴിക്കോട്: അക്ബറുമായുള്ള സൗഹൃദത്തിന് അക്ബറിന്റെ കഥകളേക്കാള്‍ പഴക്കമുണ്ട്. ഞാനും ഒരു കക്കട്ടിലുകാരനാണ്. ഏതാണ്ട് അക്ബറിന്റെ അയല്പക്കമാണ് തറവാട്. എന്റെ അച്ഛനും അക്ബറിന്റെ ഉപ്പയും തമ്മില്‍ അടുത്ത സൗഹൃദമായിരുന്നു. അക്ബറിന്റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും എനിക്കറിയാമായിരുന്നു. അപ്പൊഴൊന്നും അക്ബര്‍ ഒരു കഥാകാരനായിരുന്നില്ല.
മടപ്പള്ളി കോേളജില്‍ പ്രിഡിഗ്രിക്ക് ഒന്നാം വര്‍ഷം ഞാന്‍ എത്തുമ്പോള്‍ അക്ബര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി അവിടെനിന്ന് ഇറങ്ങിയിരുന്നു. മടപ്പള്ളി കോളേജിലെ കഥാകാരനായി മാറിയിരുന്നു അപ്പോള്‍ അക്ബര്‍. അക്ബറിന്റെ സമ്പൂര്‍ണ്ണ കഥാസമാഹാരത്തിന് മുഖവുര എഴുതാന്‍ പറഞ്ഞത് എന്നോടുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തില്‍ നിന്നാണ്.
ദേശത്തിന്റെ കഥാകാരന്മാര് മലയാളത്തില്‍ ഏറെയുണ്ട്. തന്റെ ദേശത്തെ ഒരു മിത്തായി പരിവര്‍ത്തിപ്പിക്കാന്‍ അക്ബറിന് കഴിഞ്ഞില്ല. വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ സ്ഥാനമുണ്ടായിരുന്നു കക്കട്ടിലിന്റെ ജീവിതത്തില്‍. ഈ ബന്ധങ്ങളെ ഈടുറ്റതാക്കുമ്പോള് അക്ബറിലെ കഥാകാരന്റെ ഏകാഗ്രത നഷ്ടപ്പെട്ടുപോയിരിക്കാം. അക്ബര്‍ മനുഷ്യനെ പിടിക്കുന്ന ആളായിരുന്നു. സൗഹൃദ ബന്ധങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന എഴുത്തുകാരന്. രോഗം തന്നില്‍ പിടിമുറുക്കിയത് തന്റെ സുഹൃദ് ബന്ധങ്ങളില്‍ രഹസ്യമാക്കിവെക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: