എഴുത്തുകാരന്റെ സ്വപ്ന സഞ്ചാരത്തെക്കാള്‍ അനുഭവവെളിച്ചത്തിന്റെ പരാഗശോഭ നിറഞ്ഞതാണ് കക്കട്ടില്‍ കഥകള്‍. അക്ബര്‍ കക്കട്ടിലിന്റെ കഥകള്‍ നിഷ്ക്കളങ്കമായൊരു പ്രതലത്തില്‍ നിന്നു തുടങ്ങി ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് പതിവ്. വിവിധമാനങ്ങള്‍ നല്‍കാമെങ്കിലും പള്ളിക്കൂടം കഥകളെന്ന പൊതുപ്പേരിട്ടു വിളിക്കാവുന്ന സാധാരണ തലം കൂടിയുണ്ട് അക്കഥകള്ക്ക്. ലളിത സുഭഗഭാഷയില് ചുറ്റുപാടിനെ അറിഞ്ഞുള്ള മലബാര്‍ വഴക്കത്തിന്റെ പ്രാദേശികച്ചൂരുണ്ട് അവയ്ക്ക്. നാദാപുരം, മൈലാഞ്ചിക്കാറ്റ,് വരൂ അടൂരിലേക്കു പോകാം എന്നിങ്ങനെ വിവിധ രചനകളില്‍ ഇത്തരം പ്രാദേശികത്വവും അവയുടെ കാല്‍പ്പനികതയും കാണാം. എന്നാല്‍ ഈ പ്രാദേശിക വൃത്താന്തമാകട്ടെ ലോക ജീവിത വീക്ഷണംകൊണ്ട് ആഴവും പരപ്പും നിറഞ്ഞതാണ്.
സ്കൂളും മാഷും കുട്ടികളും ചേര്‍ന്നൊരു പൊതു ഭാവുകത്വ മുദ്രയാണ് അക്ബറിന്റെ ലോകം. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപക ജീവിത ചിത്രം തെളിമയോടെ വരച്ചിട്ട മലയാളത്തിലെ പ്രതിഭ കക്കട്ടിലാണ്. കാരൂരിന്റെ കഥകള്‍ മാഷുമാരുടെ മാത്രം കഥകളായപ്പോള്‍ സ്കൂള്‍ പരിസരത്തിന്റെ വിശാലതയിലേക്കു പോകുകയായിരുന്നു അക്ബര്‍. സ്നേഹത്തിന്റെയും കരുതലിന്‍െയും കരുണയുടേതുമായിരുന്നു ആ ലോകം. ഭൂതദയ കക്കട്ടിലിന്റെ കഥകളുടെ ആത്മാവായിരുന്നു. മാഷിന്റെ നന്മകള്ക്കും കുട്ടികളുടെ നിഷ്കളങ്കതയ്ക്കുമായിരുന്നു അക്ബര്‍ കഥകളില്‍ മുന്‍സ്ഥാനം. വായനക്കാരിലേക്കു പാഞ്ഞുകേറുന്നൊരു ലാളിത്യം ആ കഥകള്ക്കുണ്ടായത് അങ്ങനെയാണ്.
നര്‍മ്മത്തിന്റെ നേര്‍ത്ത കസവില്‍ തീര്‍ത്ത കഥകളില്‍ തീവ്രവേദനയുടെ നെരിപ്പോടുകള്‍ കൂട്ടിവെക്കാനാവുമെന്ന് അക്ബര്‍ തെളിയിച്ചു. വലിയ തത്വജ്ഞാനം പറയാതെ ജീവിത സ്പര്‍ശത്തിന്റെ കാര്‍ക്കശ്യം കൊച്ചുസംഭവങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ നിലവാരം കുറഞ്ഞ ഹാസ്യം ഒരിക്കലും ഈ എഴുത്തുകാരന് പ്രയോഗിച്ചില്ല. ചിരിക്കുമ്പോള്‍ കണ്ണീരിറ്റു വീഴുന്ന ഐറണി തീര്‍ത്തവയാണ് പല കഥകളും. കഥകള്‍പോലെ തന്നെ നോവലും നോവെലറ്റുകളും എഴുതിയപ്പോഴും ഇത്തരമൊരു പരിസരം തന്നെയാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്.
വിദ്യാലയങ്ങളെക്കുറിച്ചും അധ്യാപക, വിദ്യാര്‍ഥികളെക്കുറിച്ചും വിദ്യാഭ്യാസ പാഠ്യപദ്ധതികളെക്കുറിച്ചും അഗാധ വീക്ഷണമുണ്ടായിരുന്ന അധ്യാപക എഴുത്തുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്തരം വിവിധകമ്മറ്റികളില് സജീവസാന്നിധ്യമായിരുന്നു അക്ബര്‍. എഴുത്തുകാരനിലെ മാഷും മാഷിലെ എഴുത്തുകാരനുമായിരുന്ന കക്കട്ടില്‍ പക്ഷേ വിവാദങ്ങളുടെ കൂട്ടുകാരനായില്ല. വിഷയദാരിദ്ര്യംകൊണ്ടു വിവാദങ്ങളിലൂടെ ചില എഴുത്തുകാര്‍ നിലനില്ക്കുമ്പോള് പ്രതിഭകൊണ്ടു ജീവിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: