പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുടെ മറവില്‍ മണ്ണിട്ട് മൂടിയ കരിമാരം തോട് പുനര്‍നിര്‍മ്മിക്കാന്‍ നടപടികളാകാത്തതില് പ്രതിഷേധമുയരുന്നു. തോട് പുനര്‍നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.
കഴിഞ്ഞ 15ന് പദ്ധതി പ്രദേശത്തെ മണ്ണെടുപ്പ് വീണ്ടും ആരംഭിച്ച് തോട് പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടിയായില്ല. 6.32 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് മണ്ണിട്ട് തോട് നികത്തിയത്. തോട് പുനഃസ്ഥാപിക്കാന്‍ മണ്ണെടുപ്പ് ആരംഭിച്ചെങ്കിലും നാമമാത്രമായ ജോലികളാണ് നടന്നത്. ഇത് വീണ്ടും പ്രതിഷേധത്തിനിടയാക്കിയതിനെത്തുടര്ന്നാണ് 15 ന് വീണ്ടും മണ്ണെടുപ്പ് പുനരാരംഭിക്കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയത്.
20 സെന്റില്‍ താഴെയുള്ള സ്ഥലത്തെ മണ്ണാണ് നീക്കം ചെയ്തിട്ടുള്ളത്. കരിമാരംതോട് പൂര്‍വ്വസ്ഥിതിയിലാക്കി പുനര്‍നിര്‍മ്മിക്കണമെങ്കില്‍ പലയിടത്തും പത്തുമുതല്‍ 14 അടിവരെ താഴ്ചയില്‍ മണ്ണെടുത്ത് മാറ്റേണ്ടിവരുമെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി ചൂണ്ടിക്കാണിക്കുന്നു.
നികത്തിയ സ്ഥലത്തുനിന്നും മണ്ണെടുത്താല്‍ കൊണ്ടുപോകാന്‍ ആവശ്യക്കാരില്ലന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ റെയില്വേയ്ക്കടക്കം വന്‍തോതില്‍ മണ്ണ് ആവശ്യമുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ആവശ്യത്തിന് റോയല്‍റ്റിയില്ലാതെ മണ്ണെടുക്കാന്‍ അനുവദിക്കാമെന്ന് കളക്ടര്‍ പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: