കോഴിക്കോട്: ദേശവിരുദ്ധരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഒരേ നിലപാടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. സോളാര്‍-ബാര്‍ കോഴകേസുകളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ധമായ ബിജെപി വിരോധത്താല്‍ ദേശവിരുദ്ധരെ പിന്തുണക്കുകയാണ് ഇവര്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ ബിജെപിക്കാവില്ല. അത്തരക്കാരെ കല്‍ത്തുറുങ്കിലടയ്ക്കും. ശത്രുരാജ്യത്തിനുവേണ്ടി മുദ്രാവാക്യം വിളിക്കുന്നവരല്ല സര്‍വകലാശാലകളില്‍ നിന്നും പുറത്തുവരേണ്ടത്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ബിരുദം തിരിച്ചുകൊടുത്ത ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ സൈനികരെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ജെഎന്‍യുവില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ശ്രമിച്ചപ്പോള്‍ മലയാള മാധ്യമങ്ങള്‍ സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ നിലപാടാണ്. ജനങ്ങളെ സത്യം അറിയിക്കേണ്ട മാധ്യമങ്ങള്‍ സത്യം മറച്ചുപിടിക്കാനാണ് ശ്രമം.
ഭരണപക്ഷത്തിന്റെ അഴിമതിക്ക് ഓശാന പാടുകയാണ് പ്രതിപക്ഷം. ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകുകയാണ് ഇരു മുന്നണികളും. പി. ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷയത്തില്‍ വിശദീകരണം തേടാന്‍ പോലും ആഭ്യന്തരമന്ത്രി തയാറായിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് ടി. പി. ജയചന്ദ്രന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: