തൃശൂര്‍: കേരള ജനപക്ഷം പിരിച്ചുവിട്ടു, ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.രാമന്‍പിള്ള. തൃശൂരില്‍ ചേര്‍ന്ന ജനപക്ഷത്തിന്റെ കേന്ദ്ര കോര്‍കമ്മറ്റി യോഗത്തിലാണ് ഉപാധികളൊന്നുമില്ലാതെ ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. തിരുവനന്തപുരത്ത് ചേര്‍ന്ന കേന്ദ്ര കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പിയിലേക്കുള്ള പ്രവേശനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കോര്‍കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന പ്രസിഡണ്ട് ഡോ. പുത്തേഴത്ത് രാമചന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു കോര്‍കമ്മറ്റി യോഗം. യോഗത്തില്‍ ജനപക്ഷത്തിന്റെ സ്ഥാപക പ്രസിഡണ്ടും ഇപ്പോള്‍ ഉപദേശകസമിതി ചെയര്‍മാനുമായ കെ.രാമന്‍പിള്ള ബി.ജെ.പിയിലേക്കുള്ള മടക്കം യോഗത്തെ അറിയിച്ചു.
ജനപക്ഷം ഇനി രാഷ്ട്രീയ പാര്‍ട്ടിയായി ഉണ്ടാവില്ല, താനടക്കമുള്ള ഭൂരിപക്ഷം പേരും ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്നാല്‍ ലയനമല്ലെന്നും രാമന്‍പിള്ള പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. താന്‍ ബി.ജെ.പി വിടുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നു. കുമ്മനം രാജശേഖരന് അടക്കമുള്ള സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പദവികള്‍ ആഗ്രഹിച്ചിട്ടില്ല, ആവശ്യം മുന്നോട്ടു വെക്കുന്നുമില്ല. ബി.ജെ.പിക്ക് ഇപ്പോള്‍ പരിവര്‍ത്തന കാലമാണ്. പി.പി. മുകുന്ദനും താനും മാത്രമല്ല, മാറി നില്‍ക്കുന്നവരെല്ലാം ബി.ജെ.പിയിലേക്ക് മടങ്ങിവരണമെന്ന് രാമന്‍പിള്ള പറഞ്ഞു.
നിലവിലെ നേതൃമാറ്റം പാര്‍ട്ടിക്ക് ഗുണകരമാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം
ബിജെപിക്കുണ്ടാകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ താനും പ്രവര്‍ത്തകരും പങ്കാളികളാകുമെന്ന് രാമന് പിള്ള വ്യക്തമാക്കി. തങ്ങളുടെ വരവ് ബി.ജെ.പിക്ക് പുതിയ ഉണര്‍വുണ്ടാക്കും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജകനകരമായ പദ്ധതികള്‍ നടത്തുന്നു. വികസനം താഴെതട്ടിലത്തെിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനങ്ങളിലും താനടക്കമുള്ളവര്‍ സജീവമാകും. ആരോടും വ്യക്തിപരമായോ, രാഷ്ട്രീയമായോ വിരോധമില്ല. ബി.ജെ.പി നേതാക്കളുമായി നല്ല അടുപ്പവും സൗഹൃദവും ഇപ്പോഴുമുണ്ട്. 2009ല്‍ ഇടതുപക്ഷവുമായി സഹകരിച്ചിരുന്നു. ഇടത് നേതാക്കളുടെ സമീപനം നിരാശയായിരുന്നു നല്‍കിയത്. അതുകൊണ്ട് അന്നത്തെ ധാരണ പിന്നീട് തുടര്‍ന്നില്ല. രാമന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: