തിരുവനന്തപുരം: മലയാളഭാഷയുടെ പ്രചരണത്തിനായി വിദേശമലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി മലയാള സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നു. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന്റെ അഡ്മിഷന് ഏപ്രില്‍ 1ന് ആരംഭിക്കും. മേയ് 5ന് ക്ലാസ് ആരംഭിക്കും. 100 മണിക്കൂര്‍ സാഹിത്യപരിചയം, 40 മണിക്കൂര്‍ ഭാഷാ പരിചയം, 60 മണിക്കൂര്‍ സാംസ്കാരിക പരിചയം എന്നിവയടങ്ങുന്നതാണ് കോഴ്സെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അറിയിച്ചു.
മലയാള ഭാഷയുടെ ക്ലാസിക്കല്‍ പദവിക്കും അന്തസിനും വേണ്ടി ചിന്തിച്ച കവി ഒഎന്‍വിയെ അനുസ്മരിക്കാന്‍ മാര്‍ച്ച് 21, 22 തീയതികളില്‍ സ്മൃതിസംഗമം സംഘടിപ്പിക്കും.
എഴുത്തച്ഛന് കൃതികളുടെ മൗലികപഠനങ്ങളും ഗവേഷണങ്ങളും ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തച്ഛന് പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതായും ജയകുമാര്‍ പറഞ്ഞു. ഗ്രന്ഥരചനയ്ക്കും പുതിയ പഠനങ്ങള്‍ക്കും സര്‍വകലാശാല സാമ്പത്തികസഹായം നല്‍കും. അഞ്ചു പുതിയ പഠന നിര്‍ദേശങ്ങള്‍ വിദഗ്ദ്ധസമിതി തെരഞ്ഞെടുത്തു. എഴുത്തച്ഛന് ലെക്സിക്കണ്‍ തയ്യാറാക്കുന്ന പ്രവൃത്തി പഠനകേന്ദ്രം ആരംഭിച്ചു കഴിഞ്ഞു.
പ്രൊഫ. ദേശമംഗലം രാമകൃഷ്ണനാണ് എഴുത്തച്ഛന് നിഘണ്ടുവിന്റെ എഡിറ്റര്‍. എഴുത്തച്ഛനെക്കുറിച്ചുള്ള സമഗ്രമായ ഒരു വെബ്സൈറ്റും പഠനകേന്ദ്രത്തിന്റെ ഭാഗമായി നിലവില്‍ വരും.
ഏപ്രില്‍ 5ന് ദല്‍ഹിയില്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍വച്ച് ദേശീയ എഴുത്തച്ഛന് സെമിനാര്‍ മലയാളസര്‍വകലാശാല സംഘടിപ്പിക്കും. 2017 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് വച്ച് അന്താരാഷ്ട്ര എഴുത്തച്ഛന് സമ്മേളനം നടത്തും. ജര്‍മനിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമുള്ള പണ്ഡിതര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: