കൊച്ചി : ജില്ലാ ബാങ്കുകളും അര്‍ബന്‍ ബാങ്കുകളും ഒഴികെയുള്ള എല്ലാ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളും ലാഭത്തിന്റെ നിശ്ചിത ശതമാനം ആദായനികുതി നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു 81-ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്, കെ ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.
1961ലെ ആദായ നികുതി നിയമപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും നികുതി നല്കേണ്ടതുണ്ടെന്നു വ്യക്തമാണെന്നു കോടതി പറഞ്ഞൂ. എന്നാല്‍ ഈ ആക്ടിലെ 80 പി (4) വകുപ്പ് പ്രകാരം സഹകരണ സ്ഥാപനങ്ങള്‍ക്ക് നികുതി നല്കുന്നതില് നിന്നു ഇളവു നല്‍കിയിരുന്നു. ഈ വ്യവസ്ഥ റദ്ദാക്കി സര്‍ക്കാര്‍ കൊണ്ടു വന്ന ഉത്തരവ് നിയമവിരുദ്ധമെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കാര്‍ഷിക വായ്പകള്‍ നല്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളും മറ്റം സ്വര്‍ണവായ്പ ഉള്‍പ്പെടെയുള്ളവ നല്‍കുന്നുവെന്ന കാരണത്താല്‍ ആദായനികുതി നല്‍കേണ്ടതുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ വാദം തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം. പ്രാഥമിക സഹകരണ സംഘങ്ങളെ ജില്ലാ സഹകരണബാങ്കുകളുടെ അതേ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നു കോടതി പറഞ്ഞൂ.
സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ക്ക് പലിശ നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതു സഹകരണ സംഘം രജിസ്ട്രാറാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യം ആദായ നികുതി ഇളവു നല്കുന്നതിനു പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞൂ.
ആദായനികുതി നല്‍കണമെന്ന ആവശ്യം നിയമവിരുദ്ധവും നിലനില്ക്കാത്തതുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കാര്‍ഷിക വായ്പകള്‍ക്കാണ് സഹകരണ ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആദായനികുതി നല്‍കണമെന്ന ആവശ്യം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: