കൊച്ചി: ആര്‍എല്‍വി കോളേജിലെ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എല്‍എവി ദളിത് പീഡന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സിഐ ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് തേര്‍വാഴ്ച.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അടക്കം ഏഴുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. രേണു സുരേഷിന്റെ വലത് കൈക്ക് പൊട്ടലുണ്ട്. മഹിളാമോര്‍ച്ച നേതാക്കളായ സഹജ ഹരിദാസ്, സരള പൗലോസ്, കുമാരി അയ്യപ്പന്, ജലജ ആചാര്യ, യുവമോര്‍ച്ച നേതാവ് അരുണ്‍, എബിവിപി നേതാവ് ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെയാണ് ആര്‍എല്‍വി ദളിത് പീഡനവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ കുറ്റക്കാരായ എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സിഐ ഓഫീസിന്റെ നൂറ് മീറ്റര്‍ അകലെ പോലീസ് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവും ഇല്ലാതെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. എസ്ഐ, എഎസ്ഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അസഭ്യവര്‍ഷം നടത്തി. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ ലാത്തിക്ക് വയറ്റത്ത് കുത്തുകയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. അടികൊണ്ട് വീണ പ്രവര്‍ത്തകരെ ബൂട്ടിട്ട് നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. നെഞ്ചത്ത് ചവിട്ടേറ്റ് ശ്വാസതടസ്സം നേരിട്ട അരുണിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിന് കാരണക്കാരായ എസ്എഫ്ഐ നേതാക്കളുടെ പേരുകള്‍ വിദ്യാര്‍ത്ഥിനി എഴുതിവച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാനും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച സിഐ ഓഫീസ് മാര്‍ച്ചില്‍ സമരസമിതി ചെയര്മാന് ഇ.എന്‍. നന്ദകുമാര്‍, ഹിന്ദുഐക്യവേദി രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, നഗരസഭ പ്രതിപക്ഷ നേതാവ് വി.ആര്.വിജയകുമാര്‍, മുന്‍ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, ടി. പി സിന്ധുമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: