തിരുവനന്തപുരം: ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലുള്ള 196 ക്ഷേത്രങ്ങളില്‍ ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള 130 ക്ഷേത്രങ്ങളിലും കൊച്ചിന് ദേവസ്വംബോര്‍ഡിനു കീഴിലുള്ള മൂന്ന് ക്ഷേത്രങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ട്.
ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന അധികവരുമാനം വരവ് കുറഞ്ഞ ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ദൈനംദിന ഭരണവും വരവ് ചെലവുകളുടെ നടത്തിപ്പും അതത് ക്ഷേത്ര ഭരണാധികാരികളാണ് നടത്തുന്നത്. ബോര്‍ഡിനു കീഴിലുള്ള 62 ക്ഷേത്രങ്ങളില്‍ ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ട്.
ദേവസ്വംബോര്‍ഡുകളുടെയും ക്ഷേത്രങ്ങളുടെയും വരുമാനം സര്‍ക്കാര്‍ ഏറ്റെടുക്കാറില്ല.
മലബാര്‍ ദേവസ്വംബോര്‍ഡിന് ഗ്രാന്റ് ഇന്‍ എയ്ഡ് ഇനത്തില്‍ 2011-12ല്‍ 19.8 കോടിയും 12-13ല്‍ 22.49 കോടിയും 13-14ല്‍ 17.1680 കോടിയും 15-16ല്‍ ഇതേവരെ 12 കോടിരൂപയും അനുവദിച്ചിട്ടുണ്ട്. മറ്റ് ദേവസ്വങ്ങള്ക്കൊന്നും ഗ്രാന്റ് നല്‍കുന്നില്ല. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും ഭരണഘടനാ പ്രകാരമുള്ള കോണ്ട്രിബ്യൂഷന് നല്‍കുന്നുണ്ട്. ഇത് യഥാക്രമം 80 ലക്ഷവും 25 ലക്ഷവും വീതമാണ്.
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് തൃശൂര്‍ കണ്ടാനശ്ശേരി ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിന് നാലുലക്ഷം രൂപയും മലപ്പുറം ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന് 5 ലക്ഷം രൂപയും മലബാര്‍ ദേവസ്വംബോര്‍ഡിന്റെ മലബാറിലുള്ള ക്ഷേത്രങ്ങള്‍ക്ക് പ്രതിവര്‍ഷം 5 കോടിയില്‍പരം രൂപയും ധനസഹായം നല്‍കുന്നുണ്ട്.
കണ്ണൂര്‍ മാടായിപ്പാറയില്‍ ഫയര്സ്റ്റേഷന് രൂപീകരിക്കുന്നതിന് ക്ഷേത്രഭൂമി വിട്ടു നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: