തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമസഭാ വളപ്പിലെ തെങ്ങില്‍ക്കയറി തെങ്ങുകയറ്റ തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ സ്വദേശി സുധീര്കുമാറാണ് ആത്മഹത്യാ ഭീഷണിയുമായി തെങ്ങില്ക്കയറിയത്. ഈ സമയം നിയമസഭാസമ്മേളനം നടക്കുന്നുണ്ടായിരുന്നു.
35 വയസ്സ് കഴിഞ്ഞ തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തെങ്ങു കയറ്റതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുധീര്‍കുമാര്‍. സന്ദര്‍ശക പാസ് എടുത്ത് നിയമസഭാ മന്ദിര വളപ്പില്‍ കടന്ന ഉടന്‍ വാച്ച് ആന്റ് വാര്‍ഡുകളുടെ കണ്ണ് വെട്ടിച്ച് സമീപത്തെ തെങ്ങിനു മുകളില്‍കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി സേഫ്റ്റി എയര്‍ കുഷന് സ്ഥാപിക്കാനുള്ള ശ്രമം വിഫലമായി. എയര്‍ കംപ്രഷന്റെ തകരാറുമൂലം വായു നിറയ്ക്കാന്‍ ഏറെ പണിപ്പെട്ടിട്ടും സാധിച്ചില്ല.
തുടര്‍ന്ന് നിയസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്‍ എത്തി സുധീര്‍കുമാറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യൂണിയന് നേതാക്കളെ നിയമസഭാ വളപ്പില്‍ വിളിച്ചുവരുത്തി നിയമസഭാ സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നായി പ്രതിഷേധക്കാര്‍. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തെങ്ങില്‍ നിന്നും സുധീര്‍കുമാര്‍ താഴെ ഇറങ്ങി.
കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും നിയമസഭാ വളപ്പിലെ ആത്മഹത്യാ ഭീഷണി സുരക്ഷാ വിഭാഗത്തെ ഏറെ ആശങ്കയിലാഴ്ത്തി. ഒരു മണിക്കൂറിനു ശേഷമാണ് തെങ്ങില്ക്കയറിയ ആളെ തിരികെ ഇറക്കാനായത്. ഫയര്‍ ഫോഴ്സ് കൊണ്ടു വന്ന സുരക്ഷാ സജ്ജീകരണങ്ങള്‍ ഫലവത്താകാതെ പോയതും വിമര്‍ശനത്തിന് ഇടയാക്കി.
തെങ്ങു കയറ്റ തൊഴിലാളികളുടെ ആവശ്യം നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ആരോപിച്ചു. തെങ്ങില്‍കയറി വീണ് മരിച്ചാല്‍ ഒരു ലക്ഷം രൂപ നല്കുന്ന സര്‍ക്കാര്‍ തെങ്ങില്‍കയറി വീണ് പരിക്കേറ്റ് എണീക്കാന്‍ പോലും സാധിക്കാതെ കിടക്കുന്നവര്‍ക്ക് യാതൊരു ധന സഹായവും നല്‍കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: