തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരെ മന്ത്രി ഷിബു ബേബിജോണിന്റെ പാരാമര്‍ശം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റേ ആവശ്യം നിയമസഭയെ പ്രക്ഷുബ്ധമാക്കി. പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.ചില വായിനോക്കികളുടെ പേക്കൂത്തിന് നിന്ന് കൊടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലപ്പെട്ട 14 മണിക്കൂര്‍ പാഴായി എന്ന് ഷിബു ബേബി ജോണ്‍ സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചത് വിവാദമായിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷനെ അപമാനിക്കുന്നതും സമ്മര്‍ദ്ദത്തിലാക്കുന്നതും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും മാത്യു ടി.തോമസ്സായിരുന്നു അടിയന്തര പ്രമേയത്തിനു അനുമതി ചോദിച്ച് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ഈ ആവശ്യവുമായി രംഗത്തു വന്നിരുന്നു. ശൂന്യവേളയില്‍ വിഷയം എടുക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നിലകൊണ്ടു.
ചോദ്യോത്തര വേള കഴിഞ്ഞതോടെ സഭാ ചട്ടമനുസരിച്ച് ജുഡീഷ്യല്‍ കമീഷനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ നിയമസഭയില്‍ പാടില്ലെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്‍കുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രതിക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഇതിനിടയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലേക്കു സ്പീക്കര്‍ കടന്നെങ്കിലും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നിലകൊണ്ടു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാനാകാതെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഒരു മണിക്കൂറിനു ശേഷം സഭാ നടപടികള്‍ തുടങ്ങിയെങ്കിലും പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധം കണക്കിലെടുക്കാതെ നടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: