മീനാക്ഷിയെ അച്ഛന് അന്ത്യചുംബനം നല്കാന് എത്തിച്ചപ്പോള്‍
കൊല്ലം: പിറന്നനാടിനുവേണ്ടി വീരമൃത്യുവരിച്ച ധീരയോദ്ധാവ് ബി.സുധീഷിന് ജന്മനാട് അന്ത്യപ്രണാമം നല്കി. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരണപ്പെട്ട കരസേനയിലെ ലാന്‍സ് നായ്ക് ബി.സുധീഷിന്റെ ഭൗതികശരീരം ഇന്നലെ ജന്മനാടായ മണ്‍ട്രോതുരുത്തില്‍ സംസ്കരിച്ചു.
നാലുമാസം മാത്രം പ്രായമുള്ള മകള്‍ മീനാക്ഷി ഒന്നുമറിയാതെ അച്ഛന് ചുംബനം നല്കിയപ്പോള് കണ്ടുനിന്നവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അച്ഛനുമായി ആദ്യമായും അവസാനവുമായുമുള്ള ആ മകളുടെ സംഗമം കണ്ണീരില്‍ കുതിര്‍ന്നതായി.
ചൊവ്വാഴ്ച വെളുപ്പിനാണ് ദല്‍ഹിയില്‍നിന്നും വിമാനമാര്‍ഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് സുധീഷിന്റെ ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം ജന്മനാടായ മണ്‍ട്രോത്തുരുത്തിലേക്ക് വിലാപയാത്രയായി എത്തിച്ചു. ഉച്ചക്ക് ഒന്നോടെ മണ്ട്രോത്തുരുത്ത് പ്രൈമറി എല്‍പി സ്കൂളിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. അച്ഛന് ബ്രഹ്മപുത്രന്, അമ്മ പുഷ്പവല്ലി, ഭാര്യ ശാലുമോള്, ജ്യേഷ്ഠന് സുരേഷ് എന്നിവര്‍ അന്ത്യചുംബനം നല്കി സുധീഷിന് യാത്രയയപ്പ് നല്കി.
വീടിന് തൊട്ടടുത്തുള്ള ക്ഷേത്രമൈതാനത്തെ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിനുള്ളില്‍ ഭൗതികശരീരം വച്ചതിന് ശേഷം സൈന്യം ഔദ്യോഗിക ബഹുമതികളോടെ വിട നല്കി. ആര്‍എസ്എസ് അഖിലഭാരതിയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി.വത്സന് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: