കൊച്ചി: ഇടുക്കി എഡിഎം ആയിരുന്ന മോന്‍സി പി അലക്സാണ്ടറിനെ ആക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ലെന്നറിയിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് ഇടുക്കി മുന്‍ എഡിഎം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.
2015 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന വഴിയില്‍ സ്വകാര്യ എസ്റ്റേറ്റുടമ ഗേറ്റ് സ്ഥാപിച്ച് ഗേറ്റ് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ബിജിമോള്‍ എംഎല്‍എ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് മുണ്ടക്കയത്ത് എത്തിയതെന്നു എഡിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു.
കട്ടപ്പന പോലീസിന്റെ സഹായത്തോടെ ജനങ്ങളോട് സാഹചര്യം വിശദീകരിക്കാന്‍ തുടങ്ങിയപ്പോഴാണ് എംഎള്എയുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഔദ്യോഗികകൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത അവസരത്തിലാണ് കോടതിയെ സമീപിച്ചത്.
തുടര്‍ന്നു കേസ് ക്രൈംബ്രാഞ്ചിനു വിട്ടു ഹൈക്കോടതി ഉത്തരവ് നല്കി. 2015 സപ്തബര്‍ ഏഴിനു ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടും അന്വേഷണം തുടരുന്നതിനോ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനോ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.
കേസുമായി ബന്ധപ്പെട്ട് പോലീസ് കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം പരിഗണിക്കേണ്ടതാണെന്നു വ്യക്തമാക്കിയായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണത്തിനു ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥന് കേസിലെ സാക്ഷി കൂടിയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന മറ്റു പോലീസുകാരും കേസില്‍ സാക്ഷികളാണ്. ഈ അവസരത്തില്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഡിജിപി ക്രൈം പരിശോധിക്കണമെന്നും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: