കൊച്ചി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ബലിദാനിയായ മലയാളി സൈനികനോട് അനാദരവ് കാണിച്ച കേരള സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് പൂര്‍വ സൈനിക സേവാപരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി കമാന്റര്‍ കെ.സി.മോഹനന് പിള്ള പ്രസ്താനവയില് പറഞ്ഞു.
മറ്റ് സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ബലിദാനികളായ സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ദല്‍ഹിയില്‍ വന്നപ്പോള്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരുമെത്താതിരുന്നത് മുഴുവന്‍ ദേശസ്നേഹികളെയും അപമാനിച്ചു. കേരളാ ഹൗസില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പലരുമുണ്ടായിരുന്നിട്ടും മലയാളിയായ ജവാന് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതിരുന്നത് ബോധപൂര്‍വമാണോയെന്ന് സംശയിക്കണം.
സമുദ്രനിരപ്പില്‍നിന്ന് 22000 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കെ ജീവന് വെടിഞ്ഞ ഒരു സൈനികനോട് അനാദരവ് കാണിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാജ്യവിരുദ്ധ മുഖമാണ് വെളിപ്പെടുന്നത്.
പത്താന്‍കോട്ടില്‍ പാക് ഭീകരരെ നേരിടുന്നതിനിടെ ജീവന് ബലികഴിച്ച സൈനികന് നിരഞ്ജന് കുമാറിനെ ഫേയ്സ് ബുക്കിലൂടെ ഒരാള്‍ അവഹേളിച്ചിരുന്നു. ഇതേ മനോഭാവം തന്നെയാണ് സിയാച്ചിനില്‍ മരിച്ച മലയാളി സൈനികനോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്, മോഹനന്‍പിള്ള കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: