കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ് ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് മാര്‍ച്ച് ഒന്നിനു നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫേസ് ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാപ്പാക്കണമെന്നും നേരിട്ടുഹാജരാകുന്നതില്‍ നിന്നൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കെ.സി. ജോസഫ് നല്കിയ സത്യവാങ്മൂലം കണക്കിലെടുക്കാതെയാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. വി. ശിവന്‍കുട്ടി എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് മന്ത്രി ഫേസ് ബുക്കില്‍ മോശം പോസ്റ്റിട്ടത്.
ജുഡീഷ്യറിയെയും ഹൈക്കോടതി ജഡ്ജിയെയും കളങ്കപ്പെടുത്താന്‍ മന്ത്രി കെ. സി. ജോസഫ് ശ്രമിച്ചുവെന്ന പരാതിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ മതിയായ വസ്തുത ഈ കേസിലുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞുവെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.
തുടര്‍ന്നു ഇന്നലെ നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്നലെ രാവിലെ മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3.30നു ഹാജരാകണമെന്നു ഉത്തരവ് നല്‍കിയിരുന്നുവെന്നും എന്നാല്‍ നിയമസഭ നടക്കുന്ന സാഹചര്യത്തില്‍ നേരിട്ടു ഹാജരാകാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സമ്മേളനം 25നു അവസാനിക്കും. 26-നു ശേഷം ഹാജരാവാന്‍ അനുമതി നല്‍കണം. മന്ത്രി അഭ്യര്‍ഥിച്ചു. മനപൂര്‍വമായി കോടതിക്കോ, ജഡ്ജിമാര്‍ക്കോ എതിരെ പരാമര്‍ശം നടത്തുന്നതിനു ശ്രമിച്ചിട്ടില്ല. കോടതിയോടും നിയമസംവിധാനത്തോടും അത്യന്തം ബഹുമാനമുണ്ട്. ആരോടും അനാദരവ് കാട്ടുന്നതിനോ, അപമാനിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. മന്ത്രി സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.
ഫേസ്ബുക്കിലെ പരാമര്‍ശം ജുഡീഷ്യറിയെ അപമാനിക്കാനോ, മോശമാക്കാനോ അല്ല, പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. അനാവശ്യമായി പരാമര്‍ശം നടത്തിയതില്‍ ആത്മാര്‍ഥമായി മാപ്പു പറയുന്നു. പരാമര്‍ശങ്ങളില്‍ നിരുപാധികം മാപ്പു പറയുന്ന സാഹചര്യത്തില്‍ അപേക്ഷ സ്വീകരിച്ചു കേസിലെ നടപടികള്‍ തീര്‍പ്പാക്കണമെന്നും സത്യവാങ്മൂലം വ്യക്തമാക്കിയിരുന്നു.
ഹര്‍ജി മാര്‍ച്ച് ഒന്നിനു പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു.
2015 ജൂണ്‍ 23 ന് ഒരു ഹര്‍ജി പരിഗണിക്കവെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് എജിയുടെ ഓഫീസ് അടച്ചു പൂട്ടണമെന്നും ബാര്‍ കേസില്‍ ബാറുടമകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകുന്നതിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം ജഡ്ജി നീലച്ചായം നിറച്ച തൊട്ടിയില്‍ വീണ കുറുക്കനാണെന്ന് ആക്ഷേപിക്കുന്നതരത്തില് മന്ത്രി കെ.സി. ജോസഫ് തന്റെ ഫേസ് ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്തു. ഇതു ചൂണ്ടിക്കാട്ടി 2015 ജൂലായ് 31 ന് വി. ശിവന്‍കുട്ടി എംഎല്‍എയാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ അനുമതി ആവശ്യമായതിനാല്‍ അനുമതിക്കുള്ള അപേക്ഷ നല്കാന് ഹൈക്കോടതി ശിവന്‍കുട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശമായതിനാല്‍ എജിയുടെ അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന ആശങ്ക ഹര്ജിക്കാരന് കോടതിയില്‍ ബോധിപ്പിച്ചിരുന്നെങ്കിലും അനുമതിക്കുള്ള അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവാത്ത അവസരത്തില്‍ ഹര്ജിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: