തൊടുപുഴ: ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കിയിലെ മൂലമറ്റത്താണ് മനുഷ്യ മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുന്ന സംഭവം നടന്നത്. ആശ് എന്ന ഒന്നരവയസുള്ള മകനാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആശിന്റെ മാതാവ് ജെയ്സമ്മയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതായാണ് പ്രാഥമിക നിഗമനം. കാഞ്ഞാര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് നടപടികള്‍ ആരംഭിച്ചു.
ഒരാഴ്ച മുന്‍പ് അയല്‍വാസിയായ അന്നമ്മയെ ജെയ്സമ്മ തലക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അന്നമ്മയുടെ സ്വര്‍ണമാല മോഷണം പോയിരുന്നു. ഇതിനുപിന്നില്‍ ജെയ്സമ്മയാണെന്ന് അന്നമ്മയും കുടുംബവും ആരോപിക്കുകയായിരുന്നു. ഇവര്‍ ജെയ്സമ്മയെ സംശയമുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ജെയ്സമ്മയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനിരിക്കെയാണ് ജെയ്സമ്മ ഈ ക്രൂരകൃത്യം ചെയ്യുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു യുവാവുമായി അടുത്തബന്ധമുണ്ടായിരുന്ന ജെയ്സമ്മ അയാള്‍ക്ക് വേണ്ടിയാണ് മാല മോഷ്ടിച്ചതെന്ന് പറയപ്പെടുന്നു. യുവാവിനെ ഗള്‍ഫിലേക്ക് അയയ്ക്കാനുള്ള പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: