കോഴിക്കോട്: സാമ്പത്തിക ബാധ്യതയില്‍ നിന്ന് തലയൂരി സര്‍ക്കാറിന്റെ ശമ്പള വര്‍ദ്ധന പ്രഖ്യാപനം. സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഇതിനുള്ള പണം സര്‍ക്കാര്‍ നല്‍കാതെ ബാദ്ധ്യത പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കയാണ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഈ കുതന്ത്രത്തിലൂടെ ലക്ഷങ്ങളുടെ അധിക ബാദ്ധ്യതയാണ് പഞ്ചായത്തുകള്ക്കുണ്ടാക്കുക.
വര്‍ക്കര്‍മാരുടെ ശമ്പളം 6600 രൂപയില്‍ നിന്ന് പതിനായിരമാക്കി തീരുമാനമുണ്ടായത് കഴിഞ്ഞ വര്‍ഷം സപ്റ്റംബര്‍ 30 നായിരുന്നു.
വികേന്ദ്രീകൃതാസൂത്രണ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെതാണ് ഈ തീരുമാനം. ഡിസംബറില്‍ ചേര്‍ന്ന ഇതേ കമ്മിറ്റി യോഗം ഹെല്‍പ്പര്‍മാരുടെ ശമ്പളവും 5,100 രൂപയില്‍ നിന്ന് 7000 രൂപയാക്കി. വര്‍ദ്ധിപ്പിച്ച തുകയില്‍ ആയിരം രൂപ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായി. ആസൂത്രണ ബോര്‍ഡാണ് ഈ തുക അനുവദിച്ച് ഉത്തരവിറക്കേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തെിറങ്ങാത്തതിനാല്, വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും തദ്ദേശസ്വയംഭരണ സ്ഥാപനം തന്നെ നല്‍കണമെന്ന് ഈ മാസം 10 ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ കമ്മിറ്റി നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്ന് ഇതിനായി പണമില്ലെങ്കില്‍ വികസന ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗതീരുമാനം ബന്ധപ്പെട്ടവര്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഉത്തരവ് തന്നെയായി പരിഗണിക്കേണ്ട ഈ തീരുമാനങ്ങള്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ ഇംഗിതത്തോടെയുള്ളതാണ്. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് വര്‍ദ്ധിപ്പിച്ച തുക ഇപ്പോള്‍ പഞ്ചായത്ത് നിര്‍ബന്ധമായും കൊടുത്തിരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ താല്പര്യം തന്നെയാണ്. സര്‍ക്കാര്‍ അധികം പണം നല്‍കാതെ, ശമ്പള വര്‍ദ്ധനവിലൂടെ ഒരു വിഭാഗത്തിന്റെ സമ്മതി നേടിയെടുക്കുകയാണ് ലക്ഷ്യം.
ഓരോ പഞ്ചായത്തിലും 10 മുതല്‍ 35 വരെ അംഗന്‍വാടികളുണ്ട്. അപ്രകാരം സംസ്ഥാനമൊട്ടാകെ ശമ്പള വര്‍ദ്ധനവിലൂടെ പഞ്ചായത്തുകള്‍ക്ക് ചെലവാക്കേണ്ടിവരുന്നത് ലക്ഷങ്ങളാണ്. വര്‍ദ്ധിപ്പിച്ച ശമ്പളം ഏപ്രില്‍ മുതലാണ് കൊടുക്കേണ്ടത്. സ്വന്തം ജീവനക്കാര്‍ക്ക് തന്നെ ശമ്പളം നല്കാന് പണമില്ലാതിരിക്കുമ്പോഴാണ് പഞ്ചായത്തുകള്‍ക്ക് ഈ അധിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: