തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനെതിരെ വീണ്ടും വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് സി.എന്‍. ബാലകൃഷ്ണനെ എതിര്‍കക്ഷിയാക്കി വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇരു കേസുകളും വ്യാഴാഴ്ച പരിഗണിക്കും. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി കേസില്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയതിന് തന്റെ വീട് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും, ഇതിന് മന്ത്രിയാണ് ഒത്താശ നല്‍കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസ് വിജിലന്‍സ് കോടതി പരിഗണിക്കുന്നതിന്റെ തലേന്ന് തന്റെ വീട് കത്തിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസിന് പരാതി നല്‍കിയിട്ടും അന്വേഷണം ഇഴയുകയാണെന്നും പി.ഡി.ജോസഫ് കോടതിയില്‍ അറിയിച്ചു.
മന്ത്രി സി.എന്‍.ബാലകൃഷ്ണന്, കോലഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.സാബു എന്നിവര്‍ക്കെതിരെയാണ് പി.ഡി.ജോസഫിന്റെ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അധികാരികള്‍ക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്കിയ പരാതിയുടെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരനോടും, പരാതിയില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും കോടതി നിര്‍ദ്ദേശം നല്കി. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ജനുവരി 30ന് പരിഗണിക്കാനിരുന്നതാണെങ്കിലും, ഈ മാസം 18ലേക്ക് മാറ്റിവെക്കുകയായിരുന്നു.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും, 3 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണവും നടക്കുന്നുണ്ടെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
ഓപ്പറേഷന് അന്നപൂര്ണ്ണയടക്കമുള്ള പരിശോധനാ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടായിരുന്നു ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മന്ത്രി സി.എന്‍.ബാലകൃഷ്ണന് എട്ടാം എതൃകക്ഷിയാണ്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി.സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റിജി ജി.നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്.ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍ എം.ഷാജി, മുന്‍ റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: