കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം സംബന്ധിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യുവമോര്‍ച്ച രംഗത്ത്. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ഡോക്ടര്‍മാരടക്കമുള്ളവര്‍ വിദ്യാര്‍ത്ഥിനിയോട് കേസില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു.
ഇതിനെതുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം മെഡിക്കല്‍ കോളേജ് ഗേറ്റില്‍ പോലീസ് തടഞ്ഞു.
പോലീസ് തടഞ്ഞ സ്ഥലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി . ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. പ്രതിക്കൂട്ടില്‍ നില്ക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെയും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഡോക്ടര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഹരി ആവശ്യപ്പെട്ടു. കേരളത്തില്‍ ദളിത് സ്നേഹം നടിക്കുന്ന ഇടത്-വലത് മുന്നണികള്‍ ഈ വിദ്യാര്‍ത്ഥിനിയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന് ശേഷം യുവമോര്‍ച്ച-ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ജില്ലാ പ്രസിഡന്റ് എസ്.രതീഷ്, ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, വി.പി.മുകേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: