എറണാകുളത്തു ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ടിനെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പൊന്നാട അണിയിക്കുന്നു
കൊച്ചി: മോദി സര്‍ക്കാര്‍ വന്നതിനുശേഷം രാജ്യത്തെ സമാധാന അന്തരീക്ഷം കലുഷിതമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഇതിന് മുമ്പ് 9 പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്നൊന്നും രാഹുലും കേജ്രിവാളും അവിടെ പോയിട്ടില്ല. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിതീര്‍ത്ത് ദേശീയ മുന്നേറ്റത്തെയും മോദിസര്‍ക്കാരിന്റെ സല്‍ഭരണത്തെയും മോശമായി ചിത്രീകരിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. രോഹിതിന്റെ അച്ഛനും അമ്മക്കും സഹോദരനും അച്ഛന്റെ സഹോദരനും ഒബിസി സര്‍ട്ടിഫിക്കറ്റാണുള്ളത്.
ഒരു കുടുംബത്തിലെ ഒരാള്‍ മാത്രം ദളിതനാകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഇത് ദളിത് വിഭാഗം ഹിന്ദുസമൂഹത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ്. കോടതി വിധി അനുസരിച്ചാണ് രോഹിതിനെ ഹോസ്റ്റലില്‍ നിന്നും മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര്യലബ്ധിക്കുശേഷമാണ് ഭാരതത്തില്‍ ഭേദചിന്തയും തീവ്രവാദവും നക്സലിസവും വളര്‍ന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതിന് ഉദാഹരണമാണ് ഗോരക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.
നൂറോളം സാമുദായിക സംഘടനകള്‍ പങ്കെടുത്ത യോഗത്തില്‍ ഒരോ സംഘടനകളും കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പ്രത്യേകം നിവേദനങ്ങള്‍ കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചു. ഹിന്ദു അവകാശപത്രികയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ നേതൃസമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
ഏകീകൃതദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു സ്വാഗതവും, സംസ്ഥാന സഹസംഘടന സെക്രട്ടറി വി.ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: