കൊല്ലം: സിയാചിനില്‍ ഹിമപാതത്തില്‍ മരിച്ച കരസേനയിലെ ലാന്‍സ്നായിക് ബി.സുധീഷിന് ഇന്ന് ജന്മനാട് വിടനല്‍കും. സുധീഷീന്റെ മൃതദേഹം പൂര്ണസൈനികബഹുമതികളോടെ മണ്ട്രോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. സംസ്കാരച്ചടങ്ങുകള്‍ ഉച്ചക്ക് ഒന്നിന് ആരംഭിക്കും.
അതിനിടെ വീരമൃത്യു വരിച്ച സുധീഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ച കേരള സര്‍ക്കാര്‍ നടപടിയില്‍ കൊല്ലത്ത് ചേര്‍ന്ന പൂര്‍വസൈനിക് സേവാപരിഷത്ത് ജില്ലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു. സുധീഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയില്‍ ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും എത്താതിരുന്നത് അപലനീയമാണ്. നിയമസഭയില്‍ പോലും ധീരജവാന് അനുശോചനം രേഖപ്പെടുത്താത്തത് സൈനികരോടുള്ള സര്‍ക്കാരിന്റെ നിലപാടാണ് വ്യക്തമാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ വീരജവാന്മാരുടെ മൃദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. കേരള സര്‍ക്കാര്‍ സുധീഷിന്റെ കുടുംബത്തോട് മാപ്പുപറയണമെന്ന് ജില്ല പ്രസിഡന്റ് മധു വട്ടവിള ആവശ്യപെട്ടു.
ഇന്നു രാവിലെ ആറിന് പാങ്ങോട് സൈനികആശുപത്രിയില്നിന്ന് വിലാപയാത്രയായി സുധീഷിന്റെ സ്വദേശമായ മണ്ട്രോതുരുത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹം കല്ലട സിവികെഎം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വഴി മണ്‍ട്രോതുരുത്ത് ഗവ.എല്‍പി സ്കൂളില്‍ എത്തിച്ച് അരമണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വീട്ടില്‍ എത്തിച്ച ശേഷം തൊട്ടടുത്തുള്ള മുളച്ചന്തറ ക്ഷേത്രമൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഒന്നര മണിക്കൂര്‍ പൊതുദര്‍ശനം. അവിടെ സൈന്യം ഔദ്യോഗിക ബഹുമതികളര്പ്പിക്കും.
തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം. സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷൈനാമോളും കരസേനാ പ്രതിനിധികളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: