ന്യൂദല്‍ഹി: നിരക്കുവര്‍ദ്ധനവ് പ്രഖ്യാപിക്കാതെ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനപ്രിയ റെയല്‍ ബജറ്റ് സജ്ജമാകുന്നു. കേന്ദ്രറെയില്‍മന്ത്രി ഫെബ്രുവരി 25ന് ലോക്സഭയില്‍ അവതിപ്പിക്കുന്ന ബജറ്റ് ഭാരത റെയില്‍വേയുടെ മുഖച്ഛായ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുമായിട്ടാകും. പുതിയ ഇടത്തരം അതിവേഗ തീവണ്ടികളായ ഗതിമാന്‍ ഉള്‍പ്പെടെ സുരേഷ് പ്രഭുവിന്റെ പ്രഖ്യാപനത്തിലുണ്ടാകുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
റെയില്‍ ശൃംഖലയുടെ വ്യാപനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമാകും ബജറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. ഇന്ധന വില കുറയുന്നതും യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും വരുമാനം കൂട്ടുന്നതിനാല്‍ കൂടുതല്‍ വികസന പദ്ധതികള്‍ സാധ്യമാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
പത്തുശതമാനം യാത്രാ നിരക്കുവര്ദ്ധിപ്പിച്ചാല് പോലും അധികമായി ലഭിക്കുക കേവലം 4,500 കോടി രൂപ മാത്രമാണ്. ആ തുക റെയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമല്ലാത്തതിനാല്‍ യാത്രാനിരക്ക് വര്‍ദ്ധനവ് എന്ന ആശയം വേണ്ടെന്നു വെയ്ക്കുകയായിരുന്നു. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോട് പ്രധാനമന്ത്രിയുടെ ഓഫീസും വിമുഖത പ്രകടിപ്പിച്ചു. റീഫണ്ട് സംബന്ധിച്ച് വരുത്തിയ പരിഷ്ക്കരണങ്ങളും തത്ക്കാലിന് കൂടുതല്‍ സീറ്റുകള്‍ വകയിരുത്തിയതും വരുമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തത്ക്കാല്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതുവഴി 5 ശതമാനം വരുമാനം ഈയിനത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
കാറ്ററിംഗ് മേഖലയില്‍ ഇ-കാറ്ററിംഗ് നടപ്പാക്കി പുതിയ നയം വരുന്നതോടെ വലിയ വരുമാന വര്‍ദ്ധനവ് റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്. റെയില്‍വേയുടെ പക്കലുള്ള സ്ഥലത്ത് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിച്ചും ട്രെയിനുകളില്‍ പരസ്യം പതിപ്പിക്കുന്നതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും സ്വകാര്യ ചരക്ക് ടെര്മ്മിനലുകള്ക്ക് സ്ഥലം അനുവദിച്ചും വരുമാനം വര്‍ദ്ധിപ്പിക്കും. 17 സംസ്ഥാനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് റെയില്‍വേ സംയുക്ത കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിനും മറ്റുമായി ഇനി സംസ്ഥാന സര്‍ക്കാരുകള്‍ കൂടി സഹകരിക്കേണ്ടതിനാല്‍ ആയിനത്തിലുള്ള ചെലവ് കുറയ്ക്കാന്‍ സാധിക്കും.
യാത്രക്കാരുടെ കണ്സെഷന് കാര്യത്തില്‍ ചില കുറവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. 5 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് ബെര്‍ത്ത് ലഭിക്കാന്‍ പകുതി തുക മാത്രം മതിയായിരുന്നു. ഏപ്രില്‍ 21 മുതലുള്ള ബുക്കിംഗുകള്‍ക്ക് ബെര്‍ത്തിന് കുട്ടികള്‍ക്കും മുഴുവന്‍ തുകയും വേണ്ടിവരും. എന്നാല്‍ സീറ്റിന് പകുതി തുക മാത്രം നല്കിയാല് മതി. മുതിര്‍ന്ന പൗരന്മാര്ക്ക് ഫസ്റ്റ് ക്ലാസ് എ.സിക്ക് മാത്രം ഇനി മുതല്‍ കണ്സെഷന് ലഭിക്കില്ല.
ഏഴാം ശമ്പള കമ്മീഷന് പ്രഖ്യാപിച്ചതുമൂലമുള്ള 32,000 കോടി രൂപയുടെ അധിക ബാധ്യത പരിഹരിക്കേണ്ടതിനാല്‍ കൂടുതല്‍ ലാഭകരമായ പദ്ധതികള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
വരുന്നു സ്മാര്‍ട്ട് കോച്ചുകള്‍; ട്രെയിനുകള്‍ ഇനി വസതി പോലെ
ന്യൂദല്‍ഹി: അധികം വൈകാതെ ട്രെയിനുകള്‍ ഇനി വസതിപോലെയാകും. എല്ലാ സൗകര്യങ്ങളുമുള്ള വീട്. സ്മാര്‍ട്ട് കോച്ചുകള്‍ ക്രമണേ ട്രെയിനുകളില്‍ ഘടിപ്പിക്കാനാണ് പരിപാടി.
അടിപൊളി കോച്ചുകളില്‍ ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ ലഭിക്കുന്ന യന്ത്രങ്ങള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള അലാറം, എല്‍ഇഡി റിസര്‍വേഷന്‍ ചാര്‍ട്ട്, ബെര്‍ത്ത് ഇന്‍ഡിക്കേറ്ററുകള്‍, വൈഫെ സൗകര്യം, വിമാനങ്ങളേതുപോലെ എവിടെയെത്തി എന്നതടക്കമുള്ള അറിയിപ്പുകള് തുടങ്ങിയവയെല്ലാം ട്രെയിനുകളിലുണ്ടാകും.
ഓട്ടോമാറ്റിക് വാതിലുകള്‍, പുതിയതരം എസികള്‍, ലാപ്ടോപ്പ് ചാര്‍ജറുകള്‍, മോഡുലാര്‍ കക്കൂസുകള്‍, അവയില്‍ സെന്സറുളള്ള ഫഌഷുകള്‍, സോപ്പ് ലായനി, കൈയിലെ വെള്ളം ഉണക്കുന്ന ഡ്രയറുകള്‍ എന്നിവയും ഉണ്ടാകും. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ സ്മാര്‍ട്ട് ട്രെയിനുകളുടെ പ്രഖ്യാപനം ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: