സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് ബലിദാനികളായ സൈനികരുടെ മൃതദേഹം ദല്ഹിയിലെത്തിച്ചപ്പോള് കരസേനാ മേധാവി വിക്രം സിങ് അഭിവാദ്യമര്‍പ്പിക്കുന്നു
ന്യൂദല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതശരീരത്തോട് കേരള സര്‍ക്കാരിന്റെ അവഗണന. ലഡാക്കിലെ ലേയില്‍നിന്നും ഇന്നലെ ദല്‍ഹിയിലെത്തിച്ച മൃതദേഹത്തില്‍ ദല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധികളാരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയില്ല. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ മദ്രാസ് റെജിമന്റിലെ ജവാന് ബി. സുധീഷിന്റെ മൃതദേഹത്തോടാണ് കേരളത്തിന്റെ അവഗണന.
ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ ദല്‍ഹിയിലെ സൈനികവിമാനത്താവളത്തിലെത്തിച്ചത്. മരിച്ച ഒന്‍പത് പേരുടെയും മൃതദേഹങ്ങളാണ് ഇവിടെയെത്തിച്ചത്. മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിനിധികള്‍ ഇവിടെയെത്തിയിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിനിധികള്‍ മാത്രമാണ് എത്താതിരുന്നത്.
കേരളാ ഹൗസില്‍ റസിഡന്‍സ് കമ്മീഷണറും അഡീഷണല്‍ റസിഡന്‍സ് കമ്മീഷണറുമടക്കം ഐഎഎസ് ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരിക്കെയാണ് ഈ അവഗണന സംഭവിച്ചത്. പ്രത്യേക നിര്ദ്ദേശമില്ലാത്തതിനാലാണ് പോകാതിരുന്നതെന്നാണ് കേരളാ ഹൗസ് അധികൃതര്‍ നല്കുന്ന മറുപടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ സുധീഷിന്റെ മൃതദേഹം മുഖ്യമന്ത്രി ഏറ്റുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നീടറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: