തൈക്കാട് ശാന്തികവാടത്തില്‍ ഒഎന്‍വിയുടെ അന്ത്യകര്‍മ്മങ്ങള്‍
മകന് രാജീവ് നിര്വഹിച്ചപ്പോള്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. കൈരളിക്കു സമ്മാനിച്ച നിരവധിയായ കവിതകളിലൂടെയും ചലച്ചിത്ര ഗാനങ്ങളിലൂടെയും അദ്ദേഹം ഇനി ഓരോ മലയാളിയുടെയും മനസ്സില്‍ ജീവിക്കും. ഒഎന്‍വി തന്നെ നാമകരണം ചെയ്ത ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടന്നത്. മകന് രാജീവാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
കവിയുടെ വഴുതയ്ക്കാട്ടെ വസതിയായ ഇന്ദീവരത്തില്‍ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. പത്തു മണിയോടെയാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ എത്തിച്ചത്. ജില്ലാ ഭരണകൂടം ചടങ്ങുകളുടെ മേല്‍നോട്ടം വഹിച്ചു. മഹാകവിക്ക് ആദരവേകി ഗാനഗന്ധര്വന് ഡോ കെ.ജെ. യേശുദാസിന്റെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര് മരണാനന്തര കര്‍മങ്ങള്‍ തീരുവോളം ഗാനാര്‍ച്ചന നടത്തി. ഒ.എന്‍.വിയുടെ ശിഷ്യരായ 84 കലാകാരന്മാരും ഇതില്‍ പങ്കെടുത്ത് ആചാര്യന് ആദരാഞ്ജലി അര്‍പ്പിച്ചു.
സംസ്കാരം തീരുംവരെയും അവര്‍ ഗാനാലാപനം തുടര്‍ന്നു. ഡോ. ഓമനക്കുട്ടിയുടെ സംഗീതഭാരതി, എംബിഎസ് യൂത്ത്ക്വയര്‍, സ്വരലയ എന്നിവയിലെ ഗായകരും പങ്കെടുത്തു. ഗായകരായ സുദീപ്, കല്ലറ ഗോപന്, ശ്രീറാം തുടങ്ങിയവര്‍ ഗാനാര്‍ച്ചനയില്‍ പങ്കെടുത്തു. തുടര്‍ന്ന് കേരള പോലീസിന്റെ സല്യൂട്ടും ഗാര്‍ഡ് ഓഫ് ഓണറും കവിക്ക് സമര്‍പ്പിച്ചു.
കവിയുടെ അനശ്വര വരികള്‍ തന്റെ ശബ്ദമാധുരിയിലൂടെ മലയാളികള്‍ അനുഭവവേദ്യമാക്കിയ ഡോ കെ.ജെ. യേശുദാസ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ രാവിലെ ഇന്ദീവരത്തിലെത്തി കവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ബിജെപി സാംസ്കാരിക സെല്‍ കണ്‍വീനര്‍ ഗോപന് ചെന്നിത്തല അന്ത്യകര്‍മങ്ങളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ശാന്തികവാടത്തില്‍ നടന്ന സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മന്ത്രിമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, എംഎല്‍എമാര്‍, കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: