എരുമേലി: ശബരിമല വനത്തില്‍ വെടിവെപ്പ് നടത്തിയ വ്യാജവാറ്റ് സംഘം ദളിത് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം. തലയ്ക്ക് വെട്ടാനുള്ള നീക്കം തടയുന്നതിനിടെ ഇടതു കൈക്ക് സാരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോരുത്തോട് മൂഴിക്കല്‍ സ്വദേശിയും വനമേഖലയില്‍ താമസിക്കാറുമുള്ള പാറാംതോട് കാപ്ലിയില് കരുണാകരന്റെ മകന് രാജേഷ് (32)നാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ ആറുമണിക്കായിരുന്നു സംഭവം.
ശബരിമല വനമേഖലയായ പുതുശ്ശേരിയില്‍ പച്ചമരുന്നുകളും മറ്റ് സുഗന്ധവ്യജ്ഞനങ്ങളും ശേഖരിക്കാന്‍ രാജേഷും സുഹൃത്തും വനത്തിലൂടെ നടക്കുന്നതിനിടെ വ്യാജവാറ്റ് സംഘം വെടിവയ്ക്കുകയായിരുന്നുവെന്നും ഒഴിഞ്ഞുമാറി ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാള് കൊണ്ട് വെട്ടുകയായിരുന്നുവെന്നും എരുമേലി ആശുപത്രിയില്‍ ചികിത്സക്കെത്തിയ രാജേഷ് പറഞ്ഞു.
ഇടത് കൈക്ക് വെട്ടേറ്റ രാജേഷിനെ പ്രാഥമിക ചികിത്സ നല്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജേഷ് താമസിക്കുന്ന മൂഴിക്കല്‍ മേഖലയില്‍ നിന്നും 12 കി.മീറ്റര്‍ ദൂരം ഉള്‍വനത്തിലൂടെ നടന്നാണ് രാജേഷും സുഹൃത്തും പുതുശ്ശേരി കൊടുംവനത്തിലെത്തിയത്. ഇവിടെ നിന്നും വെട്ടേറ്റ രാജേഷ് പത്ത് കിലോമീറ്ററോളം നടന്ന് കിസുമത്തെത്തി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഉച്ചയോടെ രാജേഷിനെ എരുമേലി ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ വെട്ടേറ്റ രാജേഷ് പറയുന്ന സംഭവത്തില്‍ ഏരെ ദുരൂഹതകളും സംശയങ്ങളുമുണ്ടെന്ന് വനപാലകര്‍ പറയുന്നു. ഇന്നലെ രാവിലെ പുതുശ്ശേരി വനമേഖലയടക്കമുള്ള പ്രദേശങ്ങളില്‍ എക്സൈസും, വനപാലകരും സംയുക്തമായി നടത്തിയ പരിശോധയില്‍ കോടയും വ്യാജമദ്യവും പിടികൂടിയിരുന്നു. പരിശോധന സംഘം തിരിച്ചുവരുമ്പോഴാണ് വെടിവയ്പും, വെട്ടേറ്റ സംഭവവും വനത്തില്‍ നടന്നതായി അറിയുന്നതെന്നും വനപാലകര്‍ പറഞ്ഞു.
കാട്ടുപന്നിയെ വെട്ടിക്കൊന്ന സംഭവത്തില്‍ രാജേഷിനെതിരെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഈ സംഭവമെന്നും വനപാലകര്‍ പറഞ്ഞു. ശബരിമല വനാതിര്‍ത്തിയായതിനാല്‍ പോലീസും കേസിന്റെ കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്. സംഭവം സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി പോലീസ് സംഘം പോയിട്ടുണ്ടെന്ന് പെരുവന്താനം പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: