കൊച്ചി: സോളാര്‍ കമ്മീഷനെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. സോളാര്‍ കമ്മീഷനെ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശങ്ങളെന്ന് ഷിബു ബേബി ജോണ്‍ കമ്മിഷന് നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
താന്‍ വിമര്‍ശിച്ചത് കമ്മിഷനെ അല്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത പ്രതികളെയാണെന്നും പരാമര്‍ശങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കൊല്ലത്ത് ഒരു വേദിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് സോളാര്‍ കമ്മീഷനെ ആക്ഷേപിക്കുന്ന തരത്തില്‍ ഷിബു ബേബി ജോണ്‍ സംസാരിച്ചത്.
കണ്ട വായിനോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് 14 മണിക്കൂര്‍ പോയി ഇരിക്കേണ്ടെന്ന് പറഞ്ഞിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അഭിഭാഷകനായ എസ്. രാജേന്ദ്രനാണ് മന്ത്രിക്കെതിരെ കോടതയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഷിബു ബേബി ജോണിന്റെ അഭിഭാഷകന് ശിവന് മഠത്തിലിനെ കമ്മിഷന് വിളിച്ചു വരുത്തുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
അതേസമയം സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരാകില്ല. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് ഹാജരാകാനാകില്ലെന്ന് സരിത കമ്മിഷനെ അറിയിച്ചു.
സരിതയെ വിസ്തരിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റിയിട്ടുണ്ട്. സരിതയുടെ അഭിഭാഷകന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: