തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് കേരളം യാത്രാമൊഴിയേകി. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോട് കൂടി മലയാളത്തിന്റെ പ്രിയ കവിയുടെ ഭൗതിക ശരീരം സംസ്ക്കാരിച്ചു. മകന് രാജീവനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
ഒഎന്‍വിക്ക് യാത്രാമൊഴി നല്കി അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കാവ്യാര്‍ച്ചനയായി അലയടിച്ച അന്തരീക്ഷത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. ഒഎന്‍വിയുടെ കവിതകളും ശ്രദ്ധേയമായ സിനിമാഗാനങ്ങളും കോര്‍ത്തിണക്കിയുള്ള പരിപാടിയില്‍ സ്വരലയയും ഡോ. ഓമനക്കുട്ടിയുടെ സംഗീതഭാരതി, എംബിഎസ് യൂത്ത് ക്വയര്‍ എന്നിവയിലെ ഗായകരും പങ്കെടുത്തു. ഗായകരായ സുദീപ്, കല്ലറ ഗോപന്, ശ്രീറാം തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പോലീസ് സല്യൂട്ടും ഗാര്‍ഡ് ഒഫ് ഓണറും നല്കി.
സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ശാന്തികവാടത്തില്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, ഗായകന് യേശുദാസ് മറ്റ് സാംസ്കാരിക നേതാക്കളും ഇന്നുരാവിലെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വിലാപ യാത്രയായാണ് ശാന്തി കവാടത്തില്‍ കൊണ്ടുവന്നത്.
ഒഎന്‍വിയോടുള്ള ആദരസൂചകമായി ഇന്ന് 11.30നു ശേഷമാണ് നിയമസഭ ചേര്‍ന്നത്. അനുശോചനം രേഖപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കാതെ സഭ പിരിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പരീക്ഷകള്‍ക്കും സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒഎന്‍വിയുടെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: