കഴിഞ്ഞ അറുപതു വർഷങ്ങൾ കേരളത്തെ ഒരു പൂർണ്ണ ഉപഭോക്ത സംസ്ഥാനമാക്കിതീർത്തിരിക്കുന്നു. സേവനമേഖലയും നാണ്യവിളകളും പ്രവാസി സമൂഹവും കൂടി താങ്ങിനിർത്തിയിരിക്കുന്ന തികച്ചും പ്രവചനാതീതമായ ഒരു സാമ്പത്തിക വ്യവസ്ഥയാണ് നമ്മുടേത്. കമ്യൂണിസ്റ്റ് – കോണ്ഗ്രസ് മുന്നണികൾ നേതൃത്വം നൽകിയ സർക്കാരുകൾ നടപ്പിലാക്കിയ ഉട്ടോപ്യൻ സോഷ്യലിസ്റ്റ് നയങ്ങളാണ് നമ്മെ ഈ നിലയിൽ എത്തിച്ചിരിക്കുന്നത്. അഴിമതി , അക്രമരാഷ്ട്രീയം, പ്രീണനം തുടങ്ങിയ പ്രകടമായ മേഖലകളിൽ മാത്രമല്ല സാമൂഹിക സാമ്പത്തിക നയങ്ങളിൽ പോലും ഈ രണ്ടുകൂട്ടരും ഒരേ തൂവൽ പക്ഷികളാണ്. ചരിത്രം കുഴിച്ചുമൂടിയ സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്പത്തിക നയങ്ങളാണ് നെഹ്രൂവിയൻ സോഷ്യലിസം എന്നും വെറും സോഷ്യലിസം എന്നുമൊക്കെ മാറി മാറി വിളിച്ച് രണ്ടുകൂട്ടരും പിന്തുടർന്നു വന്നത്. അതിനിടയിലും തകർച്ചയിലേക്ക് കൂപ്പുകുത്താതെ കേരള ജനതയെ താങ്ങിനിർത്തുന്നത് ഗൾഫ് മരുഭൂമികളിൽ രക്തം വെള്ളമാക്കി പണിചെയ്യുന്ന പ്രവാസി മലയാളികളാണ് . ദേശീയ രാഷ്ട്രീയത്തിലും സാധ്യമാകുന്ന രീതിയിൽ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലും അവിശുദ്ധ സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടുകൾ പ്രത്യക്ഷത്തിൽ തന്നെ രൂപം കൊള്ളുന്നതും ചിന്താഗതിയിലെ ഇവരുടെ സമാനതകൊണ്ടാണ്. കേരളത്തിലും പലപ്പോഴായി ഈ അവിശുദ്ധ കൂട്ടുകെട്ടു നാം കണ്ടിട്ടുള്ളതാണ്. ബിജെപി ജയിക്കുമായിരുന്ന പല മണ്ഡലങ്ങളിലും ഇവരുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടു പരസ്യമായ രഹസ്യമാണ്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിൽ ഈ കൂട്ടുകെട്ടു ഉണ്ടാക്കുകഎന്നല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഉള്ളത്. കേരളത്തിൽ ബിജെപി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി ഇന്ന് പശ്ചിമ ബംഗാളിൽ കാണുന്ന തരത്തിലുള്ള ഈ കൂട്ടുകെട്ടു താമസിയാതെ തന്നെ കേരളത്തിലും ഉണ്ടാകും. ഇവർ രണ്ടുകൂട്ടരും ഒന്നിച്ചു ഭരിച്ച ഒന്നാം യുപിഎ മന്ത്രിസഭ കേരളത്തിൽ കൊണ്ടുവന്നതിലും എത്രയോ ഇരട്ടി പദ്ധതികളാണ് ശ്രീ ഓ.രാജഗോപാൽ റയിൽവേ മന്ത്രിയായിരുന്ന ആദ്യത്തെ എൻഡിഎ ഭരണകാലത്തും ഇപ്പോൾ ശ്രീ നരേന്ദ്രമോദിയുടെ ഭരണകാലത്തും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ യുപിഎ മന്ത്രിസഭയുടെ കാലത്ത് അവർ കേരളത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളെക്കാൾ അധികമായിരുന്നു കേരളത്തിൽ നിന്നും ഉണ്ടായിരുന്ന കേന്ദ്രമന്ത്രിമാരുടെ എണ്ണം. ഇത് മാത്രം മതിയാകും തികച്ചും സ്വാർത്ഥതയിലും അധികാരമോഹത്തിലും അധിഷ്ടിതമാണ് ഇവരുടെ കൂട്ടുകെട്ട് എന്ന് മനസ്സിലാക്കാൻ. കേരളത്തിലെയും പല നിയോജക മണ്ഡലങ്ങളിലും സമാനമായ കൂട്ടുകെട്ടുകൾ പരോക്ഷമായെങ്കിലും അസാധ്യമല്ല എന്ന് ചാനൽ ചർച്ചകളിൽ ചില നേതാക്കൾ തന്നെ സൂചനകളും നൽകിയിരുന്നു. നമ്മുടെ സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ അളവ് ദേശീയ ശരാശരിയിലും മൂന്നിരട്ടിയാണ്. സർക്കാർ ജോലി അല്ലെങ്കിൽ പ്രവാസം എന്ന നിലയിലായിരിക്കുന്നു ശരാശരി മലയാളിയുടെ ജീവിത സ്വപനങ്ങൾ. തൊഴിൽ രഹിതരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാളും കൂടുതലാണ്. കെ കേളപ്പൻ നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ നിഴലിൽ നിന്നുകൊണ്ട് കേരളത്തിന്റെ സാമൂഹിക ബോധത്തെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ആലയിൽ കൊണ്ട് കെട്ടുകയായിരുന്നു ഇഎംഎസ്. അതെ സോവിയറ്റ് നയങ്ങൾ പിൽക്കാല സർക്കാരുകളും പിന്തുടരുകയായിരുന്നു. അങ്ങനെയാണ് കൃഷിക്കോ വ്യവസായത്തിനോ അനുയുക്തമല്ലാത്ത അവസ്ഥയിലേക്ക് സംസ്ഥാനം മാറിയത്. ഇന്ന് നാം കാണുന്ന തൊഴിലില്ലായ്മയും ഉത്പാദന മേഖലയുടെ അഭാവവും സേവന മേഖലയെയും പ്രവാസികളെയും മാത്രം ആശ്രയിച്ചുള്ള സമ്പത്ഘടനയും ഒക്കെതന്നെ ഇതിന്റെ പരിണിത ഫലങ്ങളാണ്. അതേ സമയം വികസനവുമായോ പിന്നോക്കാവസ്ഥയുമായോ ബന്ധപ്പെട്ട ചോദ്യങ്ങൾ ഒക്കെതന്നെ തങ്ങൾ മതേതരത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ദളിതരുടെയും സംരക്ഷകരാണ് എന്നുള്ള സ്ഥിരം നാട്യത്തിൽ അവഗണിക്കയാണ് ഇവർ ചെയ്യുന്നത്. എത്ര ദളിതർക്കും സ്ത്രീകൾക്കുമാണ് പോളിറ്റ് ബ്യൂറോയിൽ കമ്യൂണിസ്റ്റ് പാർട്ടി ഇടം കൊടുത്തത്? എത്ര വനിതാ മുഖ്യമന്ത്രിമാരാണ് ബംഗാളും കേരളവും ത്രിപുരയും ഭരിച്ചത്? വെറും വോട്ടുബാങ്കായി ഉപയോഗിക്കുകയല്ലാതെ എന്ത് ദളിത് ശാക്തീകരണമാണ് കമ്യൂണിസ്റ്റുകാർ നടത്തിയത്? ശ്രീനാരായണ ഗുരുദേവനും മഹാത്മ അയ്യൻകാളിയും കെ കേളപ്പനും അടക്കമുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തികളുടെ ഫലം അപഹരിക്കുന്നതിനപ്പുറം ഒന്നും ഇത്രകാലവും ചെയ്യാൻ ഇവർക്കായിട്ടില്ല. കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിനു തുരങ്കം വയ്ക്കുന്ന നയങ്ങളും സമരങ്ങളും നടത്തുന്ന പല നേതാക്കൻമാരുടെയും മക്കൾ വിദേശ സർവ്വകലാശാലകളിലാണ് പഠിക്കുന്നത്. ഒരു പനി വന്നാൽ വിദേശ ആശുപത്രികളിൽ ചികിത്സ തേടുന്ന നേതാക്കന്മാരും നമുക്കുണ്ട്. സങ്കീർണ്ണമായ തന്റെ ശസ്ത്രക്രിയ ഭാരതത്തില് വച്ച് തന്നെ നടത്തിയ, ഭാരത ആശുപത്രികളിലും ഡോക്ടർമാരിലും തനിക്കു പൂർണ്ണ വിശ്വാസമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച ശ്രീ വാജ്പേയിയെ ഈ ഘട്ടത്തിൽ നാം അനുസ്മരിക്കേണ്ടതുണ്ട് . തീർച്ചയായും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ കോൺഗ്രസ്-കമ്യൂണിസ്റ്റ് പാർട്ടികളുടെ ആത്മവഞ്ചനാപരമായ നയങ്ങളെ ഇനി വച്ചു പൊറുപ്പിക്കില്ല എന്ന് ഉറപ്പാണ്. സമ്പത്ത് അടിസ്ഥാനമാക്കിയുള്ള ഉട്ടോപ്യൻ-സോഷ്യലിസ്റ്റ് സങ്കൽപ്പങ്ങളും ജനങ്ങളെ വെറും വിൽപ്പനച്ചരക്കാകുന്ന മുതലാളിത്ത വ്യവസ്ഥിതിയും തുടച്ചു മാറ്റേണ്ട കാലഘട്ടമാണ് വന്നിരിക്കുന്നത്. ഭാരതീയ സമൂഹത്തിന്റെ ബഹുസ്വരതയെ പറ്റിയോ അതിന്റെ ഏകാത്മ സ്വരൂപത്തെ പറ്റിയോ യാതൊരു അവബോധവും ഇല്ലാത്ത ഈ രണ്ടു സാമൂഹിക സാമ്പത്തിക നയങ്ങൾക്ക് നമ്മുടെ സമൂഹത്തെ മുന്നോട്ടു നയിക്കാൻ സാധിക്കുന്നതെങ്ങനെ? അവിടെയാണ് ഭാരതീയ ജനതാ പാർട്ടി മുന്നോട്ടു വയ്ക്കുന്ന ദീനദയാൽ ഉപാദ്ധ്യായയുടെ എകാത്മാ മാനവദർശനത്തിന്റെ പ്രസക്തി. എല്ലാവർക്കും അന്നം , വെള്ളം , മണ്ണ് , തൊഴിൽ , തുല്യ നീതി ഇതൊക്കെ ഉറപ്പാക്കാൻ വേണ്ടി നടത്തിയ വിമോചനയാത്രയും ഇതു തന്നെയാണ് ലക്ഷ്യമിട്ടിരുന്നത്. തരിശായി കിടക്കുന്ന പാടങ്ങളിൽ നമുക്ക് കൃഷിയെത്തിക്കാം. അടച്ചു കിടക്കുന്ന ഫാക്ടറികൾ തുറക്കാം. ജനിച്ച മണ്ണും നാടും വിട്ടു വെളിയിലേക്ക് പോകുന്ന യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ലഭിക്കുന്ന ഒരു നല്ല നാളെയാണ് നമുക്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: