കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി പി. ജയരാജന് ഇന്നും നിര്‍ണ്ണായക ദിനം. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജയരാജന്റെ ആരോഗ്യ പരിശോധന നടത്തിയ ഡോക്ടര്‍ ഇന്നു സിബിഐക്കു മുന്നില്‍ ഹാജരാകും. പരിയാരം മെഡിക്കല്‍ കോളെജില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് ജയരാജനെ ഇന്നു മാറ്റിയേക്കും.
റിമാന്‍ഡിലായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎംജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. ജയരാജനെ ഏതാനും നാളുകളായി പരിശോധിച്ചു വരുന്ന പരിയാരം സഹകരണ ഹൃദയാലയിലെ ഡോക്ടറായ അഷ്റഫിനെ ഇന്ന് സിബിഐ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍ ചോദ്യം ചെയ്യുകയും ചെയ്യും. ഡോക്ടറോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
അതിനിടെ, ജയരാജനെ പരിയാരത്തു നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇന്നലെ മാറ്റിയില്ല. ജയില്‍ ചട്ടമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ജയരാജനെ സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതു വിവാദമായ സാഹചര്യത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരുടെ തീരുമാനം. ജയരാജന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിന് നിലവിലെ ആരോഗ്യ സ്ഥിതി തടസ്സമാകില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡ്യൂട്ടിയിലില്ലാത്തതിനാലാണ് ജയരാജനെ ഇന്നലെ പരിയാരത്ത് നിന്ന് മാറ്റാതിരുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.
അതേസമയം, ഇന്നലെ തന്നെ ആശുപത്രി മാറ്റത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജയില്‍ അധികൃതര്‍ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരിലെ ചിലരും ചില ഉദ്യോഗസ്ഥരുമാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാറിന്റെയും ചില ഉദ്യോഗസ്ഥരുടേയും നീക്കം സംശയത്തോടെ തന്നെയാണ് സിബിഐ നോക്കിക്കാണുന്നത്. ഇന്ന് ജയരാജന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് സിബിഐ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: