കൊല്ലം: സിയാച്ചിനില്‍ വീരമൃത്യു വരിച്ച സൈനികന് ബി. സുധീഷിന്റെ കുടുംബാംഗങ്ങളെ കളക്ടര്‍ എ. ഷൈനാമോള്‍ സന്ദര്‍ശിച്ചു. മണ്ട്രോതുരുത്തിലെ സുധീഷിന്റെ വീട്ടിലെത്തിയ കളക്ടര്‍ സംസ്കാരച്ചടങ്ങിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. സുധീഷ് പഠിച്ചിരുന്ന മണ്‍ട്രോതുരുത്ത് ഗവ.എല്‍പി സ്കൂളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുക. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവരും.
തൊട്ടടുത്തുള്ള മൈതാനത്ത് സൈന്യത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം വീടിനു സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
സ്കൂളും ഗ്രൗണ്ടും സന്ദര്‍ശിച്ച കളക്ടര്‍ റവന്യൂ, പഞ്ചായത്ത്, പോലീസുദ്യോഗസ്ഥര്‍ക്ക് സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി.
അന്തിമോപചാരമര്പ്പിക്കാനെത്തുന്ന ജനങ്ങളെ നിയന്ത്രിക്കാനും വാഹനത്തിരക്ക് ഒഴിവാക്കാനും പ്രാദേശിക ജനപ്രതിനിധികളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ആര്‍ഡിഒ എം. വിശ്വനാഥന്, സൈന്യത്തിന്റെ പ്രതിനിധി സുബേദാര്‍ സാംകുട്ടി, തഹസില്‍ദാര്‍ എം. ഷാനവാസ്ഖാന്, പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, ജനപ്രതിനിധികളായ ഗോപാലകൃഷ്ണന്, ഷിജു, അഭിജിത്ത്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: