പത്തനംതിട്ട: നൂറ്റിഇരുപത്തിയൊന്നാമത് മാരാമണ്‍ കണ്വന്ഷന് തുടക്കമായി. പമ്പാമണല്‍പ്പുറത്ത് തയ്യാറാക്കിയ വേദിയില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയും മനുഷ്യമനസും ഒരേപോലെ മലിനപ്പെട്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മലിനീകരണം ആധുനിക കാലഘട്ടത്തില്‍ ചുറ്റുപാടുകളേക്കാള്‍ മനുഷ്യമനസ്സിനെയാണ് ബാധിച്ചിരിക്കുന്നത്. വ്യക്തിഹത്യയ്ക്കും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ക്കും ആര്‍ക്കും മടിയില്ല. രാഷ്ട്രീയത്തിലും സമുദായത്തിലും സൗഹാര്‍ദ അന്തരീക്ഷം നഷ്ടമായി. ഉടമസ്ഥരുള്ളതും ഇല്ലാത്തതുമായ കത്തുകള്‍ പ്രവഹിക്കുന്നു. മനുഷ്യമനസുകളിലെ മലിനത പ്രകടമാക്കുന്നവയാണിവയെല്ലാം.
സഭാപരമായ പ്രവര്‍ത്തികളിലും സങ്കടകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്നത് ദുഖകരമാണ്. ഭാരത്തിന്റെ സഹിഷ്ണുതയ്ക്ക് ഒറ്റമനസ്സായി മുന്നേറാന്‍ എല്ലാവര്ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. റവ. മാല്‍ക്കം ടി.എച്ച്. ടാന്‍ മുഖ്യപ്രഭാഷണം നടത്തി. ആന്‍ മാത്യൂസ് (വാഷിംഗ്ടണ്‍), സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാര്‍ഥന നയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, മാര്‍ത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ഐസക് മാര്‍ പീലക്സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, യാക്കോബായ സഭയിലെ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. കെ.പി. യോഹന്നാന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: