കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി. ജയരാജന് സിബിഐ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ നടത്തിയ ഒളിച്ചകളികളും ഒത്തുകളികളും വൈകാതെ വെളിച്ചത്തുവരും. അറസ്റ്റു തടയാന്‍ ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റേത് രോഗ നാടകമാണെന്നു കരുതുന്ന സിബിഐക്ക്, ജയില്‍ പുള്ളികളെ സൂക്ഷിക്കുന്ന സെല്‍ സൗകര്യമില്ലാത്ത പരിയാരത്ത് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയതില്‍ അതൃപ്തിയുണ്ട്. പ്രതിയുടെ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാതെയാണ് പരിയാരത്ത് പ്രവേശിപ്പിച്ചതെന്നാണ് സിബിഐ വാദം.
ജയരാജനെ ചികിത്സിച്ച ഡോക്ടറില്‍നിന്ന് ഇന്ന് സിബിഐ വിശദീകരണം തേടും. ജയരാജന് കോടതിയില്‍ കീഴടങ്ങുന്നതിന് പരിയാരത്തു നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയ ഉടന്‍ സിബിഐ സംഘം ചികിത്സിച്ച ഡോക്ടറില്‍ നിന്ന് രേഖാമൂലം റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പരിയാരം സഹകരണ ഹൃദയാലയിലെ ഡോക്ടറായ അഷ്റഫിനെ സിബിഐ ചോദ്യം ചെയ്യുന്നത്.
കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച ജയരാജനെ ഏകദേശം രണ്ടു മണിക്കൂര്‍ സമയം മാത്രം ജയിലില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു പരിയാരത്തേക്ക് മാറ്റിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിക്ക് ഗുരുതരമായ അസുഖമുണ്ടെങ്കില്‍ ജയില്‍ ചട്ടമനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കാണ് മാറ്റേണ്ടത്. എന്നാല്‍ ജയരാജന്റെ കാര്യത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ളതും സര്‍ക്കാരിതരവുമായ പരിയാരം മെഡിക്കല്‍ കോളജിലേക്കാണു കൊണ്ടുപോയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരും കണ്ണൂര്‍ ജില്ലാ ആശുപത്രി അധികൃതരും ഇതിനു മറുപടി പറയേണ്ട സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
ജില്ലാ ആശുപത്രി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പരിയാരത്തേക്ക് കൊണ്ടുപോയതെന്ന് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കോടതി റിമാന്റ് ചെയ്ത പ്രതിയെ പാര്‍ട്ടി ‘ഭരിക്കുന്ന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായാണ് സൂചന. സംഭവം വിവാദമായതോടെയാണ് പ്രതിക്ക് ഗുരുതരമായ രോഗമില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ജയില്‍ അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.
പരിയാരം മെഡിക്കല്‍ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയിലെ ബി ബ്ലോക്കിലെ മുറിയിലാണു ജയരാജന് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. റിമാന്‍ഡിലായ ഉടന്‍തന്നെ ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയിരുന്നു. 16 മുതല്‍ മൂന്നു ദിവസത്തേക്കു ജയരാജനെ കസ്റ്റഡിയില്‍ ല‘ിക്കാനാണ് സിബിഐ: ഡിവൈഎസ്പി അപേക്ഷ നല്‍കിയത്. റിമാന്‍ഡില്‍ നിന്നു ജാമ്യത്തിനായി ജയരാജന് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. സിബിഐയുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം ജാമ്യഹര്‍ജി നല്‍കാനാണ് സിബിഐ നീക്കമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: