തിരുവനന്തപുരം: മഹാകവി ഒ.എന്‍.വി കുറുപ്പിന് മലയാളത്തിലെ സാംസ്കാരിക നായകരുടെ അശ്രുപൂജ. ഇന്നലെ നിരവധി പ്രമുഖര്‍ കവിയെ അനുസ്മരിച്ചു. ഏറെപ്പേരും ദുഃഖം താങ്ങാനാകാതെ മൗനം പാലിച്ചു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിനുവേണ്ടി കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി. റഹീം, തിരുവനന്തപുരം പ്രസ് ക്ലബ്ബിന് വേണ്ടി പ്രസിഡന്റ് ആര്. അജിത്കുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ രാജേഷ് കുറുപ്പ്, അരുണ്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭാവദീപ്തമായി എഴുതുകയും അതു മലയാളിയുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്ത കവിയായിരുന്നു ഒ.എന്‍.വി. കുറുപ്പെന്ന് സംവിധായകന് ലെനിന് രാജേന്ദ്രന് അനുസ്മരിച്ചു.
മഹാകവിക്ക് പ്രണാമം,
വാക്കുകളില്ല: മഞ്ജു വാര്യര്‍
മഹാകവിക്കു മുന്നില്‍ പ്രണാമമര്‍പ്പിച്ച് ചലച്ചിത്രതാരം മഞ്ജു വാര്യര്‍. പറയാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല, മഹാകവിയുടെ ഓര്‍മകള്‍ക്കുമുന്നില്‍ അദരവോടെ നില്‍ക്കാനേ സാധിക്കുന്നുള്ളുവെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. വിജെടി ഹാളില്‍ ഒഎന്‍വിക്ക് ആദരാഞ്ജലികളര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മഞ്ജു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു സുഹൃത്തു വഴി എന്നെ ബന്ധപ്പെട്ടിരുന്നു. കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രം കണ്ടതിനു ശേഷമാണ് വിളിച്ചത്. തിരുവനന്തപുരത്തെത്തിയാല് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കാണാനായില്ലെന്നു മഞ്ജു പറഞ്ഞു.
തീരാ നഷ്ടം: കൊച്ചു പ്രേമന്
മലയാള സാഹിത്യലോകത്തിനും ചലച്ചിത്ര ലോകത്തിനും തീരാനഷ്ടമാണ് കവി ഒഎന്‍വി കുറുപ്പിന്റെ വിയോഗമെന്ന് ചലച്ചിത്രതാരം കൊച്ചുപ്രേമന്. ഒഎന്‍വിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മിഴികള്‍ സാക്ഷി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒഎന്‍വിയാണ് എഴുതിയത്. അതില്‍ വ്യത്യസ്തമായൊരു കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചത്. ചിത്രം കണ്ട ശേഷം ദൂരെ മാറിനിന്ന എന്നെവിളിച്ച് അദ്ദേഹം അഭിനന്ദിച്ചു. തനിക്കിങ്ങനെയൊരുവേഷം അഭിനയിക്കാന്‍ സാധിച്ചുവല്ലോ, നന്നായിരുന്നുവെന്ന് അദ്ദേഹം തോളില്‍ തട്ടി പറഞ്ഞുവെന്നും കൊച്ചു പ്രേമന് ഓര്‍ത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: