കോട്ടയം: തൃപ്പൂണിത്തുറ ആര്‍എവി കോളജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വം രംഗത്ത്. മെഡിക്കല്‍ കോളെജിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനാംഗങ്ങളായ ഡോക്ടര്‍മാരെയും പോലീസിനെയും ഉപയോഗിച്ച് പെണ്‍കുട്ടിയെ മാനസികരോഗിയായി ചിത്രീകരിക്കാനാണു ശ്രമം.
ഉടന്‍ തന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്നും അതിനു ശേഷം പ്രമോഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിത്തരാമെന്നുമാണത്രേ സിപിഎം വാഗ്ദാനം. സിപിഎമ്മിന്റെ കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നേതാവാണ് കേസ് അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നതെന്നാണു വിവരം.
പെണ്‍കുട്ടിയോട് കേസില്‍ നിന്നു പിന്മാറാന് ആവശ്യപ്പെട്ട സൈക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുമായി ഈ നേതാവ് നേരിട്ടു സംസാരിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിഭാഗത്തില്‍ നിന്നു നിര്ദ്ദേശമില്ലാതിരുന്നിട്ടു കൂടി പെണ്‍കുട്ടിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് കൗണ്‍സലിങ്ങിനു കൊണ്ടുപോവുകയായിരുന്നു. രണ്ട് വനിതാ ഡോക്ടര്‍മാരാണ് പെണ്‍കുട്ടിയെ വിഷാദരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഇത് അറിഞ്ഞതോടെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
തുടര്‍ന്ന് വകുപ്പ് തലവന്‍ ഇടപെടുകയും വനിതാ ഡോക്ടര്‍മാരെ സ്ഥലത്തു നിന്നു മാറ്റുകയുമായിരുന്നു. ഇവരുടെ പേരുവിവരം പോലും നല്കാന് ആശുപത്രി അധികൃതര്‍ തയാറായില്ല.
ഹൈദരാബാദില്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു പുറത്താക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ഉയര്‍ത്തിക്കാട്ടി വലിയ ഒച്ചപ്പാടുണ്ടാക്കിയ സിപിഎം നേതൃത്വം കേരളത്തിലുണ്ടായ സംഭവത്തെക്കുറിച്ച് ഇതേവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മുഖ്യധാരയില്‍പ്പെട്ട ചില മാധ്യമങ്ങളടക്കം സംഭവം മറച്ചു വയ്ക്കാനുള്ള ഗൂഢനീക്കത്തില്‍ പങ്കാളിത്തം വഹിക്കുന്നു. മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് തൃപ്പൂണിത്തുറ സംഭവം പൊതുജനമധ്യത്തില്‍ നിന്ന് ഒളിച്ചു വയ്ക്കാനുളള ശ്രമമാണ് നടക്കുന്നത്.
കൗണ്സലിങ്ങിനെന്നു പറഞ്ഞു വിളിച്ചിട്ട് കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ചു സംസാരിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റും വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ രംഗത്തു നിന്നു പിന്മാറിയ ഡോക്ടറുടെ പേരുപോലും പരസ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പൊലീസും സമാനമായ രീതിയിലാണ് കേസില്‍ ഇടപെടുന്നത്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയില്ലെന്ന് പറയിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ത്തതോടെ പെണ്‍കുട്ടി വിഷാദ രോഗിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഎം നേതാവ് നിര്‍ദേശിക്കുകയായിരുന്നത്രേ. നേരത്തേ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ ഇല്ലാത്ത കഥ മെനഞ്ഞ് വിവാദമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട നേതാവാണത്രേ ഈ കേസ് അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്.
കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ മഹിളാ ഐക്യവേദിയും യുവമോര്‍ച്ചയും അടക്കമുള്ള സംഘടനകളും എബിവിപിക്കൊപ്പം രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് യുവമോര്‍ച്ച. സവര്‍ണ, അവര്‍ണ വേര്‍തിരിവുണ്ടാക്കി ഹൈന്ദവ സമൂഹത്തില്‍ ഭിന്നിപ്പു സൃഷ്ടിക്കാനും അതിലൂടെ അധികാരത്തിലെത്താനും ശ്രമിക്കുന്ന ഇടതു, വലതു മുന്നണികള്‍ ഒറ്റക്കെട്ടായി തൃപ്പൂണിത്തുറ സംഭവത്തില്‍ കരുനീക്കം നടത്തുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: