ആലപ്പുഴ: ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ സ്വരൂപിച്ച പണം ചെലവഴിക്കാതെ കബളിപ്പിക്കുന്നു. ഇതുവരെ സമാഹരിച്ച പണത്തില്‍ കേവലം 2.5 ശതമാനംതുക മാത്രമാണ് തൊഴിലാളികള്‍ക്കായി ചെലവിട്ടത്. 335 കോടി രൂപയാണ് ബാര്‍തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ സമാഹരിച്ചത്. ഒന്‍പതു കോടി രൂപയില്‍ താഴെമാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാകുന്നു.
ബാറുകള്‍ പൂട്ടി ഒന്നരവര്‍ഷം പിന്നിട്ടിട്ടും തൊഴിലാളിക്ക് നല്‍കിയത് കേവലം 15,000 രൂപ മാത്രമാണ്. മദ്യ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 418 ബാറുകളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ബാര്‍ ജീവനക്കാരായ 5851 പേര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമായി. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബിവറേജസ് കോര്പറേഷന് മുഖേന വില്‍ക്കുന്ന മദ്യത്തില്‍ അഞ്ചുശതമാനം സെസും ഏര്‍പ്പെടുത്തി. ഈയിനത്തില്‍ 335.81 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തിയത്.
എന്നാല്‍ ഇക്കാലയളവില്‍ ചെലവഴിച്ചതാകട്ടെ 8.79ലക്ഷം മാത്രം.
ആത്മഹത്യ ചെയ്ത മൂന്നു ബാര്‍തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേവലം 60,000 രൂപ വീതം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. 2014 ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കിത്തുടങ്ങിയത്. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും മദ്ധ്യവയസ് പിന്നിട്ടവരാണ്. ഇവര്‍ക്ക് മറ്റുതൊഴിലുകളിലേക്ക് മാറാനുള്ള സാഹചര്യവും വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നുത്. ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ മുന്നണികള്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുമ്പോഴും തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: