തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവി ഒഎന്‍വി കുറുപ്പിനു നിയമസഭ ഇന്ന് ആദരമര്‍പ്പിക്കും. പതിവില്നിന്ന്് വ്യത്യസ്തമായി ഇന്ന് രാവിലെ 11.30നായിരിക്കും സഭ ചേരുക. ഒഎന്‍വിക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം മറ്റ് കാര്യപരിപാടികളിലേക്ക് കടക്കാതെ നിയമസഭ പിരിയും. സ്പീക്കര്‍ എന്‍.ശക്തന് ഒഎന്‍വിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്അച്യുതാനന്ദനും കക്ഷിനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കും. രാവിലെ 10ന് ഒഎന്‍വിയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് 11.30ന് സഭ ചേരാന്‍ തീരുമാനിച്ചത്. നിയമസഭ പിരിഞ്ഞശേഷം കാര്യോപദേശകസമിതി യോഗം ചേര്‍ന്ന് തുടര്പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കും.
സോളാര്‍, ബാര്‍കോഴ വിഷയങ്ങളെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ കഴിഞ്ഞദിവസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ആദ്യരണ്ടുദിവസം നടത്താനായില്ല. മൂന്നാംദിനം പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നന്ദിപ്രമേയ പ്രസംഗം. ബജറ്റ് ദിനത്തിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. വരുംദിവസങ്ങളില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ച സുഗമമായി നടത്തുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം സ്പീക്കര്‍ അഭ്യര്‍ഥിക്കും. അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാവശ്യപ്പെട്ട് സമ്മേളനത്തിലുടനീളം പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: