തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഒഎന്‍വി കുറുപ്പിന്(84) സാംസ്ക്കാരിക കേരളത്തിന്റെ ആദരാഞ്ജലി. വഴുതക്കാട്ടെ വസതിയില്‍ കേരളത്തിന്റെ മഹാകവിയെ ഒരുനോക്കു കാണാന്‍ നിരവധിപ്പേരാണ് ഒഴുകിയെത്തിയത്. തുടര്‍ന്ന് രാവിലെ പത്തു മണിയോടെ വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മഹാകവിയുടെ മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കലാ സാഹിത്യ സാംസ്ക്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരുള്‍പ്പടെ സമൂഹത്തിന്റെ നാനാതുറയില്പ്പെട്ടവരാണ് പ്രിയകവിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തുന്നത്. നാളെ രാവിലെ പത്തുമണിയോടെ തൈയ്ക്കാട് ശാന്തി കവാടത്തിലാണ് സംസ്ക്കാരം. ഒഎന്‍വിയുടെ ചെറുമക്കള്‍ വിദേശത്തുനിന്ന് എത്തുന്നതിനാലാണ് സംസ്ക്കാരം നാളെ നടത്താന്‍ തീരുമാനിച്ചത്.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.35ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടായി മലയാള സാഹിത്യത്തിലെ നിറസാന്നിദ്ധ്യമായിരുന്നു ഒഎന്‍വി. ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, മയില്‍പ്പീലി, ഉജ്ജയിനി, അക്ഷരം, ഭൈരവന്റെ തുടി, കറുത്തപക്ഷിയുടെ പാട്ട്, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
മലയാളി എന്നും നെഞ്ചേറ്റുന്ന നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെയും കവിതകളിലൂടെയുമാണ് ഒഎന്‍വി ഓര്‍ക്കപ്പെടുന്നത്. ചില സീരിയലുകള്‍ക്കും അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. ഒഎന്‍വിയെന്ന ഒ.എന്‍.വേലുക്കുറുപ്പ് 1931 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ചു. പിതാവ് ഒ.എന്‍.കൃഷ്ണക്കുറുപ്പ്. മാതാവ് കെ.ലക്ഷ്മിക്കുട്ടിയമ്മ. പിതാവ് സംസ്കൃത പണ്ഡിതനും ആയുര്‍വ്വേദ വൈദ്യനുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ചവറയിലായിരുന്നു.
ധനതത്വശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1957ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അധ്യാപകന്. കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗവണ്മെന്റ് വിമന്‍സ് കോളേജ് തിരുവനന്തപുരം, ബ്രണ്ണന്‍ കോളേജ് തലശ്ശേരി എന്നിവിടങ്ങളില്‍ മലയാളം വിഭാഗം തലവനായിരുന്നു. 1986 മെയ് 31നാണ് അധ്യാപക വൃത്തിയില്‍ നിന്ന് വിരമിക്കുന്നത്. പിന്നീട് ഒരു വര്‍ഷം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി.
1982 മുതല്‍ 87വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1987ല്‍ യൂഗോസ്ലോവിയന്‍ മാസിഡോമിയയിലെ സ്ട്രൂഗാ അന്തര്‍ദ്ദേശീയ കാവ്യോത്സവത്തില്‍ ഭാരതീയ കവിതയെ പ്രതിനിധീകരിച്ചു. 1978ലും 1982ലും സോവ്യറ്റ് യൂണിയന് സന്ദര്‍ശിച്ചു. നിരവധി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
പണ്ഡിതനായ പിതാവിന്റെ കവിതയിലുള്ള താല്പര്യവും സംഗീതപ്രേമവുമൊക്കെ കുട്ടിക്കാലം മുതല്‍ വേലുക്കുറുപ്പിലേക്കും പ്രതിഫലിച്ചു. തുടക്കം മുതല്‍ അദ്ദേഹത്തിന്റെ രചനകള്‍ മലയാളിയുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. മറ്റൊരു മലയാള കവിക്കും ലഭിക്കാത്ത ജനകീയാംഗീകാരം അദ്ദേഹത്തിനുണ്ടായി. കമ്യൂണിസ്റ്റ് കവിയായിട്ടാണ് രംഗപ്രവേശമെങ്കിലും മണ്ണും കര്‍ഷകരും ഭക്തിയുമൊക്കെയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നിന്നത്. ഇരുപതാം വയസ്സില്‍ നാടക ഗാനങ്ങളെഴുതി അദ്ദേഹം പ്രശസ്തനായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പ്രശസ്തമായ ഗാനങ്ങള്‍ അദ്ദേഹത്തെയും പ്രശസ്തനാക്കി. പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ…, നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ…, ചില്ലിമുളങ്കാടുകളില് ലല്ലലല്ലം പാടിവരും…., ചെപ്പുകിലുക്കുന്ന ചങ്ങാതി നിന്റെ…, തുഞ്ചന്‍ പറമ്പിലെ തത്തേ…, തുടങ്ങിയ നാടകഗാനങ്ങള്‍ ഒ.എന്‍.വിയെ കൂടുതല്‍ ജനകീയനാക്കി.
1955ല്‍ കൈലാസ് പിക്ചേഴ്സ് നിര്‍മ്മിച്ച കാലം മാറുന്നു എന്ന സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം ആദ്യം സിനിമാ ഗാനം രചിച്ചത്. ആദ്യകാലത്ത് ബാലമുരളി എന്ന തൂലികാ നാമത്തില്‍ പാട്ടെഴുതിയ അദ്ദേഹം ഗുരുവായൂരപ്പന് എന്ന ചിത്രത്തിനുവേണ്ടിയാണ് സ്വന്തം പേരില്‍ ആദ്യമായി പാട്ടെഴുതുന്നത്. 1973ല്‍ സ്വപ്നം എന്ന ചിത്രത്തിനുവേണ്ടിയെഴുതിയ പാട്ടിന് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. തുടര്‍ന്ന് 13 തവണ സംസ്ഥാന പുരസ്കാരം സിനിമാഗാനത്തിനു ലഭിച്ചു. 1988ല്‍ വൈശാലിയിലെ ഗാനങ്ങള്‍ക്ക് ദേശീയപുരസ്കാരവും ലഭിച്ചു.
1991ല്‍ തിരുവനന്തപുരത്തു നിന്ന് ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിലെ എ.ചാള്‍സാണ് കവിയെ തോല്പിച്ചത്.1998ല്‍ പത്മശ്രീ പുരസ്കാരവും 2011ല്‍ പദ്മവിഭൂഷണും ലഭിച്ചു. ജ്ഞാനപീഠത്തിനു പുറമേ എഴുത്തച്ഛന് പുരസ്കാരം, കേരളാ സാഹിത്യഅക്കാദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, സോവ്യറ്റ് ലാന്റ് നെഹ്രുപുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ പുരസ്കാരം, ആശാന്‍പ്രൈസ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.
ഉജ്ജയിനി, ഭൂമിക്കൊരു ചരമഗിതം, ശാര്ങപ്പക്ഷികള്, ഉപ്പ്, തോന്ന്യാക്ഷരങ്ങള്‍, കറുത്തപക്ഷിയുടെ പാട്ട്, ഒരുതുള്ളിവെളിച്ചം, അഗ്നിശലഭങ്ങള്‍, മരുഭൂമി, സമരത്തിന്റെ സന്തതികള്‍, ദാഹിക്കുന്ന പാനപാത്രം, മാറ്റുവിന്‍ ചട്ടങ്ങളെ, നീലക്കണ്ണുകള്, മയില്‍പ്പീലി, താമരപ്പൊയ്ക തുടങ്ങിയവയാണ് ഒ.എന്‍.വിയുടെ പ്രധാന കൃതികള്‍. കേരള സര്‍വ്വകലാശാലയുടെ മാനുസ്ക്രിപ്റ്റ് വിഭാഗത്തില്‍ നിന്ന് വിരമിച്ച പി.പി.സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്, മായാദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: