കണ്ണൂര്‍:മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ അനുവദിക്കുന്നത് ജയില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ഈ തീരുമാനം.ഇതു സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്കി. ജയരാജന്റെ ചികില്‍സാ രേഖകള്‍ മെഡിക്കല്‍ കോളജിന് കൈമാറി.
റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ചട്ടം. അടിയന്തര ഘട്ടങ്ങളില്‍ അനുവദിക്കാം. എന്നാല്‍ 24 മണിക്കൂറിലധികം നേരെ പ്രതികള്‍ സ്വകാര്യ ആശുപത്രിയില്‍ തുടരരുത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനമെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കായിരിക്കും കൊണ്ടുപോകുക.
ജയരാജനെ ചികിത്സിക്കുന്ന പരിയാരം സഹകരണ ഹൃദയാലയയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. എം. അഷ്റഫിന് സി.ബി.ഐ ഡിവൈ. എസ്.പി ഹരി ഓംപ്രകാശ് നോട്ടീസ് നല്കി. മുഴുവന്‍ ചികിത്സാ രേഖകളുമായി നാളെ രാവിലെ 11 നു തലശ്ശേരിയിലെ സി.ബി.ഐ ക്യാമ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.
ജയരാജന്റെ ചികിത്സാവിവരം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് പി.ജയരാജന് കീഴടങ്ങിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ജയരാജനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ പരിശോധനകളില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: