എരുമേലി: എരുമേലിയില്‍ നടന്ന അയ്യപ്പ സേവാസമാജത്തിന്റെ ശുചീകരണം മാതൃകയായി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അധികൃതര്‍ ശുചീകരണം നടത്താറുണ്ടെങ്കിലും തീര്‍ത്ഥാടനത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു സന്നദ്ധസംഘടന എരുമേലിയില്‍ സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം നടത്തുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നായി രണ്ടായിരത്തോളം പേരാണ് സ്വച്ഛ് എരുമേലി പദ്ധതിയില്‍ പങ്കാളികളായത്.
എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രാങ്കണം, വലിയതോട്, ദേവസ്വം പാര്‍ക്കിംഗ് മൈതാനങ്ങള്‍, കൊച്ചമ്പലം, ഭക്ഷണശാല, ക്ഷേത്രമൈതാനം, ശൗചാലയങ്ങള്‍, കുളിക്കടവ് തുടങ്ങി ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം സേവാസമാജം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ദിവസങ്ങളായി കെട്ടിക്കിടന്ന ഖരമാലിന്യങ്ങളും ചെളിയും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ദേവസ്വം പാര്‍ക്കിംഗ് മൈതാനങ്ങളും, കാളികാവ് അടങ്ങിയ വലിയതോടും ശുചീകരിച്ചു. ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചും, ജലാശയങ്ങളിലെ നീരൊഴുക്കിന് തടസ്സങ്ങളുണ്ടാക്കാതെയും മലിനമാക്കാതെയും ചിട്ടയോടും തികഞ്ഞ ആസൂത്രണത്തോടും നടത്തിയ ശുചീകരണം ജനങ്ങളിലും ശ്രദ്ധയാകര്‍ഷിച്ചു.
രാവിലെ ഒമ്പതിന് നടന്ന സ്വച്ഛ് എരുമേലി തീര്‍ത്ഥാടന ശുചീകരണ പദ്ധതി രാഷ്ട്രീയ സ്വയംസേവക സംഘം പൊന്‍കുന്നം സംഘം ജില്ലാ സംഘചാലക് എ.എസ്.പത്മനാഭന് ഉദ്ഘാടനം ചെയ്തു. ശബരിമല അയ്യപ്പസേവാ സമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍.രാജന്, ഉത്തര-ദക്ഷിണ തമിഴ്നാട് സംസ്ഥാനങ്ങളുടെ ജനറല്‍ സെക്രട്ടറിമാരായ ദൊരൈശങ്കര്, ലക്ഷ്മിനാരായണന്, സേവാസമാജം കേരളഘടകം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്, സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദാക്ഷന്, ദക്ഷിണ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ദൊരൈസ്വാമി, ജനറല്‍ സെക്രട്ടറി സി.എന്‍.പരമശിവന്, ഉത്തരതമിഴ്നാട് ജനറല്‍ സെക്രട്ടറി ഡോ.എസ്.വി.ബാലസുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.
പത്ത് സംഘങ്ങളായി തിരിഞ്ഞുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാസമാജം സംസ്ഥാന സഹസംഘടനാ സെക്രട്ടറി ടി.കുട്ടന്, സെക്രട്ടറി എസ്.മനോജ്, ട്രഷറര്‍ വി.കെ.മന്മഥന് നായര്‍, തമിഴ്്നാട് ഉത്തരമേഖല സംസ്ഥാന സെക്രട്ടറി ആര്. ശിവരാമന്, ദക്ഷിണമേഖലാ സെക്രട്ടറി ബി.ഹരി, ഉത്തര-ദക്ഷിണ തമിഴ്നാട് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എം.എസ്.എസ്.മണിയന്, സേവാസമാജം കേരളഘടകം സംസ്ഥാന സമിതിയംഗം എം.ജി.രവീന്ദ്രന്, കനങ്കര എരുമേലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജി കല്യാണി, വിഴിക്കത്തോട് അയ്യപ്പയോഗം സെക്രട്ടറി എസ്.മിഥുന്, സേവാസമാജം വിവിധ ഹൈന്ദവസംഘടനാ പ്രതിനിധികളായ വി.ആര്.രതീഷ്, ഇ.കെ.ജി.നായര്‍, യു.പി.മുരളീധരന്, വി.സി.അജി, കെ.ആര്.സോജി, കെ.ആര്.രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: