കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക്ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും. തലശേരി സെഷന്‍സ് കോടതി ഹര്‍ജിയില്‍ വിധി പറയും.
മനോജ് വധക്കേസില്‍ സിബിഐ മൂന്നാം തവണയും ചോദ്യം ചെയ്യാന്‍ വിളിച്ച പശ്ചാത്തലത്തിലാണ് പി.ജയരാജന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ജയരാജന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി സംബന്ധിച്ച് സിബിഐയ്ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. ഇതു രണ്ടാംതവണയാണ് ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ആറുമാസം മുന്‍പ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ജയരാജനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ എന്തെങ്കിലും തെളിവ് ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു ജയരാജന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ജയരാജനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും എന്നാല്‍ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നു ഇപ്പോള്‍ പറയാനാവില്ലെന്നും അഭിഭാഷകന് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റിയത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: