കൊല്ലം: തദ്ദേശഭരണം ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലെത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സംസ്ഥാനത്തെ ഒട്ടുമിക്ക പഞ്ചായത്തുകളിലും നടപ്പായില്ല. വിരലില്‍ എണ്ണാവുന്ന പഞ്ചായത്തുകള്‍ ഒഴിച്ചാല്‍ ബാക്കിയിടങ്ങളിലെല്ലാം ഇന്നും പഴയ സ്ഥിതിയില്‍ തുടരുകയാണ്.
പഞ്ചായത്തുകളുടെ വിവരങ്ങള്‍ അറിയുവാനായി സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനായ സകര്‍മ്മ പ്രവര്‍ത്തനരഹിതമാണ്. ഏതൊരാള്‍ക്കും എവിടെയിരുന്നും സ്വന്തം നാടിനെക്കുറിച്ചും പദ്ധതികളെക്കുറിച്ചും അറിയാവുന്ന തരത്തിലേക്ക് പഞ്ചായത്ത് ‘ഭരണത്തെ മാറ്റുകയെന്നതാണ് സകര്‍മ്മ ലക്ഷ്യമിട്ടത് എന്നാല്‍ വാര്‍ത്തകള്‍ക്കപ്പുറം സകര്‍മ്മ ഫലം കണ്ടില്ല.
പഞ്ചായത്ത് യോഗത്തിലേക്കുള്ള അജന്‍ഡകള്‍, കുറിപ്പുകള്‍, തീയതി, സമയം എന്നിവ സകര്‍മ്മയില്‍ ഉണ്ടാകും. പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് തയ്യാറാക്കുന്ന മുറയ്ക്ക് പഞ്ചായത്തംഗങ്ങളുടെ മൊബൈലില്‍ സകര്‍മ്മ വഴി സന്ദേശം എത്തുമെന്നാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സകര്മ്മയുടെ ഉപജ്ഞാതാക്കള്‍. എന്നാല്‍ ഇതൊന്നും കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും നിലവില്‍ വന്നിട്ടില്ല.
പഞ്ചായത്ത് യോഗങ്ങളുടെ വിവരങ്ങളോ അജന്‍ഡകളോ സകര്‍മ്മയില്‍ ഇല്ല. വിരല്‍തുമ്പില്‍ തദ്ദേശഭരണ സംവിധാനത്തെ എത്തിക്കുന്ന ആപ്ലിക്കേഷന്‍ ആവിഷ്കരിച്ചത് വേണ്ടത്ര പഠനമോ മുന്‍കരുതലോ എടുക്കാതെയാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
പത്രവാര്‍ത്തകള്‍ക്കപ്പുറം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു. മിക്ക പഞ്ചായത്തുകളിലെയും ഫയലുകള്‍ കമ്പ്യൂട്ടര്വത്ക്കരിച്ചിട്ടില്ലെന്നു മാത്രമല്ല അതിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.
പഞ്ചായത്ത് ഭരണസംവിധാനം ഓണ്‍ലൈനിലേക്ക് എത്തിച്ചേര്‍ന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെ ഓണ്‍ലൈനില്‍ ലഭിക്കും. എന്നാല്‍ നിലവില്‍ പഞ്ചായത്തുകളില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ ഉണ്ടാകുന്ന കാലതാമസം വളരെ നീണ്ടതാണ്. നിലവില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള പഞ്ചായത്തുകളില്‍ മാത്രമാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
പഞ്ചായത്തില്‍ നടക്കുന്ന യോഗങ്ങളുടെ വിവരങ്ങള്‍, നടപ്പിലാക്കുന്ന പദ്ധതികള്‍, വാര്‍ഷികപദ്ധതി രേഖകള്‍, നിലവിലെ സ്ഥിതി, പുതിയ പദ്ധതികളുടെ വിവരങ്ങള്‍, കയര്‍, കശുവണ്ടി, കൃഷി, വ്യാവസായിക മേഖലകള്‍, വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നിവ വകുപ്പുകളുടെ വിവരങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വരേണ്ടതാണ്.
പഞ്ചായത്ത് യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളും പദ്ധതിയുടെ നിര്‍വഹണവും അതാത് സമയത്ത് ജനങ്ങള്‍ക്ക് അറിയുവാന്‍ സകര്‍മ്മ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടാല്‍ പോലും പഞ്ചായത്ത് ഭരണം ഓണ്‍ലൈനില്‍ വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: