തിരുവനന്തപുരം: കൗമാര കലാമാമാങ്കത്തിന്റെ പ്രധാനവേദിയായ പുത്തരിക്കണ്ടത്തെ പന്തലിന്റെ പണി അവസാനഘട്ടത്തിലേക്ക്. പന്തല്‍ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് തടസമായി നിന്ന അനന്തയുടെ പണി ഇനിയും ബാക്കിയാണ്.
പ്രധാനവേദിയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടിയാണ് ഓപ്പറേഷന് അനന്തയുടെ ഭാഗമായി ഓട നിര്‍മിക്കുന്നത്. ഇതിനായി കുഴിയെടുത്ത സ്ഥലത്തുനിന്ന് ജെസിബി ഉപയോഗിച്ച് ചെളിയും മണ്ണും കോരി ഒരുഭാഗത്ത് കൂനകൂട്ടി ഇട്ടിരുന്നത് പന്തലിന്റെ നിര്‍മാണത്തിന് തടസം നേരിട്ടിരുന്നു.
മീഡിയ സെന്റര്‍ നിര്‍മിക്കാനുദ്ദേശിച്ച സ്ഥലത്താണ് മണ്‍കൂനകള്‍ കൊണ്ടു നിറഞ്ഞിരുന്നത്. അനന്തയുടെ പണി 15 നു മാത്രമേ പൂര്‍ത്തിയാകൂ എന്നാണ് അവര്‍ അറിയിച്ചത്. കലോത്സവത്തിനായി 16ന് തന്നെ പന്തല്‍ പണി പര്‍ത്തിയാക്കി നല്‍കണമെന്നാണ് സംഘാടകര്‍ നിര്‍ദേശിച്ചിരുന്നത്. അവസാനം മണ്‍കൂന കലോത്സവസംഘാടകര് തന്നെ നീക്കം ചെയ്തുതുടങ്ങി. തുടര്‍ന്നാണ് വേദിക്കു മുന്നില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂന നീക്കം ചെയ്യാന്‍ കളക്ടര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയത്. അപ്പോഴേക്കും സംഘാടകര്‍ നീക്കം ചെയ്തു കഴിഞ്ഞിരുന്നു. പ്രധാനവേദിയുടെ പണി ഇന്നു വൈകുന്നേരത്തോടെ പൂത്തിയാക്കുമെന്ന് കണ്‍വീനര്‍ പറഞ്ഞു.
40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന വേദിക്ക് 250 അടി നീളവും 150 അടി വീതിയുമാണുള്ളത്. ആറുതട്ടായാണ് പന്തല്‍ ക്രമീകരിച്ചിരിക്കുന്നത്. വേദിയുടെ വശങ്ങളില് മുന്‍ പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ ആലേഖനം ചെയ്യും. കാഴ്ച മറയാതിരിക്കാനായി 40 അടി വീതി ഇടവിട്ടു മാത്രമാണ് തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളീയത്തനിമ വിളിച്ചോതുന്ന രീതിയിലായിരിക്കും പ്രധാന വേദിയുടെ മുന്‍വശം സജ്ജീകരിക്കുക. വേദിയിലെ അലങ്കാരങ്ങള്‍ വേദിയില്‍ വച്ചുതന്നെ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്തത്. പ്രധാനവേദിയുടെ നിര്‍മ്മാണത്തിനായി അമ്പതില്പരം ജോലിക്കാരുടെ കഠിനപ്രയത്നമാണ് നടന്നത്.
കലോത്സവചരിത്രത്തിലെ ഏറ്റവും വ്യത്യസ്തമായ വേദിയായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. വിഐപികള്‍ക്കും ജഡ്ജസിനും വേദിയുടെ പുറകുവശത്തുകൂടിയായിരിക്കും പ്രവേശനം. വേദിക്ക് ഇരുവശത്തുമായി ഫയര്‍ഫോഴ്സ് സജ്ജമായിരിക്കും. മറ്റ് പ്രധാനവേദികളുടെയും പണി പൂര്‍ത്തിയായി. വഴുതയ്ക്കാട്ടുള്ള മയൂരം പാചകപ്പുര, നടനം എന്നു പേരിട്ടിരിക്കുന്ന രണ്ടാം വേദിയായ പൂജപ്പുരയിലുള്ള പന്തലിന്റെ പണി എന്നിവയും പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: