കൊച്ചി: ഓഫീസില്‍ സിസി ടിവി ക്യാമറ വച്ചതുകൊണ്ടുമാത്രം സുതാര്യകേരളം ഉണ്ടാകില്ലെന്ന് പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡി ഡോ. ജേക്കബ് തോമസ് പറഞ്ഞു. വിളിച്ചുപറയാന്‍ ഫോണ്‍നമ്പര്‍ നല്കുന്നതുകൊണ്ട് അഴിമതി തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പ്രസ്ക്ലബ്ബിന്റെ നൈപുണ്യ വികസന പരിപാടിയായ മികവിന്റെ ആഭിമുഖ്യത്തില്‍ അഴിമതിയും മാധ്യമജാഗ്രതയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ അഴിമതി കണ്ടെത്തണമെങ്കില്‍ കേരളത്തിന്റെ ആകാശത്ത് കുടപോലെ വല്ല ക്യാമറസംവിധാനവും ഏര്‍പ്പെടുത്തേണ്ടിവരും. തെരഞ്ഞെടുക്കപ്പെടുന്നവരും ഭരിക്കുന്നവരും നിയമവിരുദ്ധമായി നല്കുന്ന ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥനില്ല. ഒരു നിയമം ഉണ്ടാക്കിക്കഴിഞ്ഞാല്‍ അതാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കേണ്ടത്. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധത ഭരണഘടനയോടും നിയമത്തോടും ആകണം. പ്രതികരിക്കാതിരിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാവകളല്ല. ഉദ്യോഗസ്ഥര്‍ പ്രതികരിക്കരുതെന്ന് കോടതി പോലും പറയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഒരു സ്ഥാപനം ക്രമക്കേടിനും അഴിമതിക്കും എതിരെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അതിന്റെ തകര്‍ച്ച തുടങ്ങിയെന്നു കണക്കാക്കാം. ശത്രുക്കള്‍ പണവും അധികാരവും ഉള്ളവരാകയാല്‍ സംഘടിതമായ എതിര്‍പ്പുണ്ടാകും. കര്‍ണാടക ലോകായുക്ത, തെരഞ്ഞെടുപ്പ് കമ്മീഷന്, സി ആന്‍ഡ് എജി എന്നിവയുടെ അനുഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് സത്യസന്ധരും കഴിവുള്ളവരുമായ ഉദ്യോഗസ്ഥര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അഴിമതിക്കാരായ മറ്റ് ഉദ്യോഗസ്ഥര്‍ തരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്കുമ്പോള് തികഞ്ഞ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പശാലയില്‍ ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് ഹരികൃഷ്ണന് അധ്യക്ഷനായി. ആര് പ്രസന്ന സ്വാഗതവും കെ ബി എ കരീം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: